IND VS ENG: ചതി കാണിച്ചിട്ട് ആർക്കും ജയിക്കാം, ആ സബ് ഇറക്കിയ രീതി വമ്പൻ ഉടായിപ്പ്; അതിരൂക്ഷ പ്രതികരണവുമായി ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ നാട്ടിൽ നടക്കുന്ന ടി 20 പരമ്പരകളിൽ പുലർത്തുന്ന ആധിപത്യം ഇന്നലത്തെ വിജയത്തോടെ തുടർന്നു. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. 53 റൺസ് വീതം നേടിയ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 19.4 ഓവറിൽ 166 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹർഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇതിൽ ഹർഷിത് കണ്‍കഷന്‍ സബ്ബായിട്ടാണ് ടീമിലെത്തിയത്. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ താരം ശിവം ദുബൈക്ക് തലക്ക് പരിക്ക് പറ്റിയിരുന്നു.

പരിക്ക് സാരമുള്ളത് അല്ലെങ്കിൽ പോലും റിസ്ക്ക് ഒഴിവാക്കാനാണ് ഇന്ത്യ സബ് ഉപയോഗിച്ചത്. ഒരു ഓൾ റൗണ്ടർക്ക് പകരം എങ്ങനെ ഒരു ബോളർ സബ് ഇറങ്ങാൻ എത്തി എന്ന ചോദ്യം ആണ് ഇവിടെ നിലനിൽകുന്നത്. ഏകദേശം 150 കിലോമീറ്റർ സ്പീഡിൽ പന്തെറിയുന്ന ഹർഷിത് ബാറ്റുകൊണ്ട് അത്ര മികച്ച രീതിയിൽ സംഭാവന ചെയ്യുന്ന ആൾ അല്ല. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ ചോദ്യം ആ സമയം തന്നെ ഉയർന്നപ്പോൾ മത്സരശേഷം സംസാരിച്ച ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ലർ അതൃപ്തി പ്രകടിപ്പിക്കുകയും ഇന്ത്യ ചെയ്തത് ശരിയായ പ്രവർത്തി അല്ലെന്ന് പറയുകയും ചെയ്തു.

ഇന്ത്യ 15 റൺസിൻ്റെ ജയം പൂർത്തിയാക്കിയ ശേഷം ബട്ട്‌ലർ പറഞ്ഞു, “ഇത് ശരിക്കും ദുബൈക്ക് ചേർന്ന ഒരു പകരക്കാരനല്ല. ഞങ്ങൾ അതിനോട് യോജിക്കുന്നില്ല. “ഒന്നുകിൽ ശിവം ദുബെ പന്ത് എറിയുമ്പോൾ 25 മൈൽ സ്പീഡ് കൂട്ടി അല്ലെങ്കിൽ ഹർഷിത് തൻ്റെ ബാറ്റിംഗ് ശരിക്കും മെച്ചപ്പെടുത്തി. അല്ലെങ്കിൽ എങ്ങനെയാണ് ദുബൈക്ക് പകരം ഹർഷിത് എത്തുക. ആ തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു.”

“[ഞങ്ങളുമായി] ഒരു കൂടിയാലോചനയും ഉണ്ടായില്ല. ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഞാൻ ചിന്തിച്ച ഒരു കാര്യമാണ് – ഹർഷിത് ആർക്കുവേണ്ടിയാണ് പകരമെത്തിയത്? അവർ പറഞ്ഞു, അവൻ ഒരു കൺകഷൻ പകരക്കാരനാണെന്ന്. ഞാൻ വ്യക്തമായും വിയോജിക്കുന്നു എന്ന് അപ്പോൾ തന്നെ പറഞ്ഞു. ”

“ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ മത്സരത്തിൽ വിജയിക്കാത്തതിൻ്റെ മുഴുവൻ കാരണം അതല്ല. ഞങ്ങൾക്ക് എളുപ്പത്തിൽ ജയിക്കാൻ പറ്റുന്ന ഒരു മത്സരമായിരുന്നു ഇത്. എന്നാൽ പരാജയപെട്ടു. പക്ഷെ ഈ സബ് തീരുമാനം തെറ്റാണ്, അതിനെക്കുറിച്ച് കുറച്ച് കൂടി വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു.

4 വിക്കറ്റ് നഷ്ടത്തിൽ 57 റൺ എന്ന നിലയിൽ നിന്നും ശേഷം അർധസെഞ്ചുറി നേടിയ ദുബെ, ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം ആറാം വിക്കറ്റിൽ 87 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാൻ ഇന്ത്യയെ ഇത് അനുവദിച്ചു. 19 . 5 ഓവറിൽ ജാമി ഓവർട്ടൻ്റെ 141.5 കിലോമീറ്റർ ബമ്പറിൽ ഡ്യൂബെയുടെ ഹെൽമെറ്റിൽ തട്ടുക ആയിരുന്നു.

അതേസമയം ഇന്ത്യയുടെ ബാറ്റിംഗ് ഓൾറൗണ്ടർ രമൺദീപ് സിംഗ് ബെഞ്ചിൽ ഉണ്ടായിരുന്നു, ഡ്യൂബെയ്ക്ക് സമാനമായ ഒരു പകരക്കാരൻ എന്ന നിർവചനത്തിന് അദ്ദേഹമാണ് കൂടുതൽ അനുയോജ്യൻ എന്നാണ് ഇംഗ്ലീഷ് മുൻ താരങ്ങൾ വാദിക്കുന്നത്.