ഓസട്രേലിയയില്‍ ഞാനെടുത്ത തീരുമാനങ്ങളുടെ ക്രെഡിറ്റ് കൊണ്ടുപോയത് മറ്റൊരാള്‍: രഹാനേ ലക്ഷ്യം വെയ്ക്കുന്നത് ആരെ?

ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് വേണ്ടി താന്‍ ഉണ്ടാക്കിയ നേട്ടത്തിന്റെയെല്ലാം ക്രെഡിറ്റ് കൊണ്ടുപോയത് മറ്റുള്ളവരെന്ന വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ താല്‍ക്കാലിക നായകന്‍. 2020 – 21 ഓസ്‌ട്രേലിയന്‍ ടൂറില്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച അജിങ്ക്യാ രഹാനേയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.

”ഓസ്‌ട്രേലിയയില്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയാം. എന്നാല്‍ അത് ആരോടും പറയേണ്ട കാര്യം എനിക്കില്ല. അങ്ങിനെ പറഞ്ഞു നടക്കുന്ന രീതിയും എനിക്കില്ല. ഡ്രസ്സിംഗ് റൂമിലും കളത്തിലും ഞാനെടുത്ത തീരുമാനങ്ങളായിരുന്നു അന്നു ടീമിന ഗുണമായത്. പക്ഷേ അതിന്റെ ക്രെഡിറ്റ് മറ്റുള്ള ആരോ കൊണ്ടുപോയി.”

”എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം പരമ്പരജയം ആയിരുന്നു. അത് എനിക്ക് ചരിത്രപരമ്പരയായിരുന്നു. അത് എനിക്ക് ഏറെ പ്രത്യേകതയുള്ളതുമാണ്.” ആരുടെയെങ്കിലും പേര് രഹാനേ പ്രത്യേകിച്ച് പരാമര്‍ശിച്ചില്ലെങ്കിലും താരം ഉന്നം വെച്ചത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയെയാണെന്ന് വ്യക്തമായിരുന്നു.

ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യ ഒരു പരമ്പര വിജയം നേടിയപ്പോള്‍ മാധ്യമങ്ങളും മറ്റും വിജയത്തിന്റെ ക്രെഡിറ്റ് നല്‍കിയത് രവിശാസ്ത്രിയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് ടീം നടപ്പാക്കിയതെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അടക്കം മൂന്ന് പ്രമുഖരില്ലാതെയായിരുന്നു ഇന്ത്യയുടെ വിജയം.