ഹാർദിക്കിന് ഹോട്ടലുകാർ അയച്ച മെയിൽ കിട്ടിയത് മറ്റൊരു ഹാർദിക് പാണ്ഡ്യയ്ക്ക്, ശ്രേയസ് അയ്യർ അമ്പയറായി നിയന്ത്രിച്ച മത്സരം; ലോകകപ്പിന് മുമ്പ് തന്നെ സംഭവിക്കുന്നത് വിചിത്രമായ കാര്യങ്ങൾ

2023 ലോകകപ്പ് ഒക്ടോബർ 5 മുതൽ ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്, നവംബർ 19 ന് ഗ്രാൻഡ് ഫിനാലെയോടെ ടൂർണമെന്റ് സമാപിക്കും. ഇത്തവണ ലോകകപ്പിൽ പത്ത് ടീമുകൾ പങ്കെടുക്കും, ഈ കാലയളവിൽ ഇന്ത്യയിലെ 10 വേദികളിലായി 48 മത്സരങ്ങൾ നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും 2019 റണ്ണേഴ്‌സ് അപ്പായ ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്.

നിലവിൽ ടീമുകൾ എല്ലാം അവരുടെ ഒരുക്കത്തിന്റെ അവസാന ഘട്ടം എന്ന നിലയിൽ സന്നാഹ മത്സരങ്ങൾ കളിക്കുകയാണ്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ പല മത്സരങ്ങളും മുടങ്ങിയിരിക്കുന്നു. എന്തായാലും ലോകകപ്പ് സമയം ആകുമ്പോൾ തെളിഞ്ഞ കാലാവസ്ഥ ആരാധകരും പ്രതീക്ഷിക്കുന്നു. എന്നാൽ ക്രിക്കറ്റ് പോരാട്ടങ്ങളുടെ ചൂടിലേക്ക് കടക്കുന്നതിന് മുമ്പ് ചില രസകരമായ സംഭവവികാസങ്ങൾ കണ്ടു, അവയിൽ ചിലത് വളരെ ഉല്ലാസകരമായിരുന്നു.

ഹാർദിക് പാണ്ഡ്യാ- ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിന് മുന്നോടിയായി റാഡിസൺ ബ്ലൂ ഹോട്ടലുകളുടെ ശൃംഖല തെറ്റായ ഹാർദിക് പാണ്ഡ്യയ്ക്ക് ചെക്ക്-ഇൻ ഇമെയിൽ അയച്ചതായി റിപ്പോർട്ട്. ഇന്ത്യ നിലവിൽ റാഡിസൺ ഹോട്ടലിലാണ് താമസിക്കുന്നത്.

ഇന്ത്യൻ താരം ഹാർദിക്കിന് പകരം മെയിൽ ലഭിച്ചത് മറ്റൊരു ഹാർദിക്കിനാണ്. ആ മെയിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെ “ഞാൻ ബുക്ക് ചെയ്യാത്ത ഹോട്ടലിൽ നിന്ന് എനിക്ക് ചെക്ക് ഇൻ മെയിൽ ലഭിച്ചിരിക്കുന്നു. കുറച്ചുസമയം കഴിഞ്ഞാണ് ആൾ മാറിയാണ് കിട്ടിയതെന്ന് എനിക്ക് മനസിലാകുന്നു ”

ശ്രേയസ് അയ്യർ- ന്യൂസിലൻഡും പാകിസ്ഥാനും തമ്മിലുള്ള സന്നാഹ മത്സരത്തിൽ അമ്പയർ അക്ഷയ് ടോട്രെ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യരുമായി സാമ്യമുള്ളതിനാൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.സന്നാഹ മത്സരത്തിൽ നിന്നുള്ള ടോട്രെയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി, നിരവധി ക്രിക്കറ്റ് ആരാധകരും അദ്ദേഹത്തിന്റെയും ശ്രേയസിന്റെയും രൂപത്തിലുള്ള സാമ്യം കണ്ട് അത്ഭുതപ്പെട്ടു.