ആന്‍ഡ്രൂ ഫ്ളിന്റോഫ് ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ആന്‍ഡ്രൂ ഫ്ളിന്റോഫിന് കാറപകടത്തില്‍ പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ ബിബിസിയുടെ ‘ടോപ്പ് ഗിയര്‍’ ഷോയുടെ ഒരു എപ്പിസോഡിന്റെ ചിത്രീകരണത്തിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ ആന്‍ഡ്രൂവിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.

അദ്ദേഹത്തിന്റെ പരുക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കും. ഷോയുടെ ചിത്രീകരണം മാറ്റിവച്ചു. ഫ്രെഡി സുഖം പ്രാപിക്കുന്നതിനെക്കുറിച്ചാണ് എല്ലാവരും ശ്രദ്ധിക്കുന്നത്- ബിബിസി വക്താവ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലുള്ള താരമാണ് ഫ്‌ളിന്റോഫ്. 2003 മുതല്‍ 2005 വരെ ഒള്ള കാലഘട്ടം ആണ് അദ്ദേഹത്തിന്റെ സുവര്‍ണ കാലഘട്ടമായി അറിയപ്പെടുന്നത്. ഈ വര്‍ഷങ്ങളിളാണ് ഫ്ളിന്റോഫ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. 2005ലും 2009ലും ഇംഗ്ലണ്ട് ആഷസ് പരമ്പര നേടുന്നതില്‍ ഫ്ളിന്റോഫ് പ്രധാന പങ്ക് വഹിച്ചിരുന്നു.

ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകളിലും 141 ഏകദിനങ്ങളിലും ഏഴ് ടി20 കളിലും കളിച്ചു. 7,000ത്തിലധികം റണ്‍സ് നേടുകയും വിവിധ ഫോര്‍മാറ്റുകളിലായി 400 വിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2010ലാണ് ആന്‍ഡ്രൂ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.