വിരമിക്കലില്‍ 'പശ്ചാത്താപം'; പുനരാലോചനയുമായി അമ്പാടി റായിഡു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുളള അമ്പാടി റായിഡുവിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു. ലോക കപ്പ് ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിലുളള നീരസം മനസ്സിലൊതുക്കിയാണ് റായിഡു ക്രിക്കറ്റ് മതിയാക്കിയത്. താരത്തിന്റെ വിരമിക്കല്‍ തീരുമാനം മണ്ടത്തരമാണെന്നത് ക്രിക്കറ്റ് ലോകം ഒന്നടങ്കം സമ്മതിച്ച കാര്യമാണ്. എന്നാലിപ്പോള്‍ ആ തീരുമാനത്തില്‍ പുനരാലോചനയുമായി മുന്നോട്ടു വന്നിരിക്കുകയാണ് താരം.

എത്രയും വേഗം ടി20 ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റായുഡു പറഞ്ഞത്. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് പറഞ്ഞ റായിഡു ഇന്ത്യക്കായ് കളിക്കാനും താല്‍പ്പര്യം പ്രകടിപ്പിച്ചു. “ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തനിക്ക് എല്ലായ്‌പ്പോളും വലിയ പിന്തുണ നല്‍കുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മികച്ച രീതിയില്‍ താന്‍ മുന്നൊരുക്കം നടത്തും. ഉറപ്പായും ഞാന്‍ ഐപിഎല്ലില്‍ കളിക്കും.” സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള അഭിമുഖത്തില്‍ റായുഡു പറഞ്ഞു.

Related image

താന്‍ ഈ കളിയെ ഒരുപാട് സ്‌നേഹിക്കുന്നു എന്നും അതുകൊണ്ടുതന്നെ തിരികെയെത്താന്‍ ആഗ്രഹിക്കുന്നു എന്നും റായിഡു പറയുന്നു. ഇന്ത്യയ്ക്കായി 55 ഏകദിനവും ആറ് ടി20 മത്സരവും കളിച്ചിട്ടുളള റായിഡു ഏകദിനത്തില്‍ 47.5 ശരാശരിയില്‍ 1694 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ താരം 10 തവണ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. 2018 ഐപിഎല്ലില്‍ ചെന്നെയുടെ ടോപ് സ്‌കോററായിരുന്നു റായിഡു.