റെക്കോഡ് ഒക്കെ അങ്ങ് കൈയില്‍ വെച്ചാല്‍ മതി; സ്റ്റാര്‍ സ്പിന്നറെ ഒഴിവാക്കി കിവികള്‍

ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീം പ്രഖ്യാപിച്ചപ്പോള്‍ വലിയ സര്‍പ്രൈസ്. ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് കൊയ്ത് ചരിത്രം സൃഷ്ടിച്ച സ്റ്റാര്‍ സ്പിന്നര്‍ അജാസ് പട്ടേലിനെ കിവി സെലക്ടര്‍മാര്‍ തഴഞ്ഞു. അടുത്തവര്‍ഷം ആദ്യം ആരംഭിക്കുന്ന രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസന്റെ സേവനവും ന്യൂസിലന്‍ഡിന് നഷ്ടമാകും.

വില്യംസന്റെ അഭാവത്തില്‍ ടോം ലാഥത്തെയാണ് നായകനായി നിയോഗിച്ചിരിക്കുന്നത്. 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തപ്പെട്ട ഏക സ്പിന്നര്‍ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയെയാണ്. മത്സര സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞാണ് അജാസിനെ ഒഴിവാക്കിയത്.

അതേസമയം, അജാസ് പട്ടേലിനെ തഴഞ്ഞതിനെതിരേ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ കരുണ്‍ നായരുടെ സ്ഥിതിയോട് ഉപമിച്ചാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് അജാസ് ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റും വീഴ്ത്തിയത്, ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ ബോളറാണ് അജാസ്. ജിം ലേക്കറും ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് മറ്റു രണ്ടുപേര്‍. ചരിത്രം സൃഷ്ടിച്ച അജാസിനെ ഡ്രസ്സിംഗ് റൂമില്‍ എത്തിയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അഭിനന്ദിച്ചത്. അനില്‍ കുംബ്ലെയും താരത്തെ അഭിനന്ദനം അറിയിച്ചിരുന്നു.