ഐപിഎല്‍ കഴിഞ്ഞ് ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരം ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തില്‍ വച്ചാണ്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക. ഐപിഎലില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്നവരില്‍ ചിലര്‍ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ ടീമില്‍ ഇല്ലാത്ത അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുളളവര്‍ക്ക് സെലക്ടര്‍മാര്‍ വീണ്ടുമൊരു അവസരം നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറെനാളുകളായി ടെസ്റ്റ് ടീമില്‍ ഇല്ലാത്ത ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടെ കളിച്ച് ഫോം വീണ്ടെടുത്തിരുന്നു.
അതേസമയം ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും തിരിച്ചെത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ് അജിന്‍ക്യ രഹാനെ. ഐപിഎലില്‍ കമന്റേറ്ററുടെ ചോദ്യത്തിനുളള മറുപടിയായാണ് രഹാനെ ഇങ്ങനെ പറഞ്ഞത്. “ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരിച്ചുവരവിനുളള ആഗ്രഹം, ആവേശം, തീ ഇപ്പോഴും എന്നിലുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഞാന്‍ സെറ്റാണ്. ഒരു സമയം ഒരു മത്സരം മാത്രം കളിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഐപിഎല്ലിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പിന്നെ നോക്കാം, രഹാനെ പറഞ്ഞു.
ഒരിക്കലും തളരാത്ത ആളാണ് ഞാന്‍. എപ്പോഴും കളിക്കളത്തില്‍ എന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നു. 100 ശതമാനത്തിലധികം നല്‍കുന്നു. എപ്പോഴും അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്, നിയന്ത്രിക്കാവുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞാന്‍ ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നു ഇപ്പോള്‍ ഞാന്‍ എന്റെ ക്രിക്കറ്റ് ശരിക്കും ആസ്വദിക്കുന്നു, രഹാനെ പറഞ്ഞു.








