ബോറായി തുടങ്ങിയെന്ന് ആശാന്‍ പറഞ്ഞു, പിള്ളേര്‍ നിമിഷനേരം കൊണ്ട് കളി തീര്‍ത്തു; സച്ചിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് ജഡേജ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം, ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 50 ഓവര്‍ ക്രിക്കറ്റ് വിരസമായിക്കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെടുകയും അത് രസകരമാക്കാന്‍ ചി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

50 ഓവര്‍ മത്സരം 25 ഓവര്‍ വീതമുള്ള നാല് പകുതികളായി വിഭജിക്കാനാണ് 49 കാരനായ സച്ചിന്‍ നിര്‍ദ്ദേശിച്ചത്. കൂടാതെ നിലവിലെ ഫോര്‍മാറ്റില്‍ സ്പിന്നര്‍മാര്‍ക്ക് പരിരക്ഷയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍, ഏകദിന ക്രിക്കറ്റിനെ സംരക്ഷിക്കുന്നതിനായി ചില നല്ല മാറ്റങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും സച്ചിന്‍ പറഞ്ഞുവെച്ചു.

ഇപ്പോള്‍, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിന് ശേഷം, മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ സച്ചിന്റെ നിര്‍ദ്ദേശങ്ങളോട് രസകരമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ്. കളി 40 ഓവറിലേക്ക് പോലും കൊണ്ടുപോകാന്‍ ടീമുകള്‍ക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മാസ്റ്റര്‍ തന്റെ പ്രസ്താവന നടത്തി. അതില്‍ യാതൊരു സംശയവുമില്ല. പക്ഷേ കളിച്ചവര്‍ അത് അംഗീകരിച്ചു എന്നതാണ് സത്യം. 15-ാം ഓവറിനും 40-ാം ഓവറിനുമിടയില്‍ അവര്‍ ആ കളി നിര്‍ത്തി. അവര്‍ അവസാനം വരെ (50 ഓവര്‍) പോകുന്നില്ല. പ്രവചനശേഷി, വിരസത എന്നിവയുമായി ഞങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും ഇപ്പോള്‍ ഇല്ലാതായി- ആദ്യ രണ്ട് ഏകദിനങ്ങളെ പരാമര്‍ശിച്ച് ജഡേജ പറഞ്ഞു.

’15-40 ഓവര്‍ പീരീഡ് ബോറടിപ്പിക്കുന്നുണ്ടെന്ന് സച്ചിന്‍ പറഞ്ഞു, 40-ാം ഓവര്‍ വരെ ഞങ്ങള്‍ കളിക്കില്ലെന്ന് ഇവര്‍ പറഞ്ഞു’- അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് വെച്ചു നടന്ന ഇന്ത്യ- ഓസീസ് മത്സരം ഓസീസ് 10 വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ് 26 ഓവറും ഓസീസ് ഇന്നിംഗ്‌സ് 11 ഓവറും മാത്രമാണ് നീണ്ടുനിന്നത്.