ചരിത്രമെഴുതി അഫ്ഗാന്‍, ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി

ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന് ആദ്യ ടെസ്റ്റ് മത്സരവിജയം. തങ്ങളുടെ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് അഫ്ഗാന്‍ ആദ്യ ജയം സ്വന്തമാക്കിയത്. സ്പിന്നര്‍ റാഷിദ് ഖാന്റെ ബൗളിംഗ് മികവിലാണ് മറ്റൊരു പുതുമുഖക്കാരായ അയര്‍ലന്‍ഡിനെ അഫ്ഗാന്‍ തോല്‍പിച്ചത്.

ഏഴ് വിക്കറ്റിനാണ് അഫ്ഗാനസ്ഥാന്‍ ഡെഹ്‌റാ ഡെണ്ണല്‍ നടന്ന ഏകടെസ്റ്റ് പരമ്പരയില്‍ ജയം സ്വന്തമാക്കിയത്. ഇതോടെ അഫ്ഗാന്‍ സ്വന്തമാക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയും ഇതായി. സ്‌കോര്‍: അയര്‍ലന്‍ഡ്: 172, 288 അഫ്ഗാനിസ്ഥാന്‍: 314, 149-3

അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ രണ്ടും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ റാഷിദ് സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 172 റണ്‍സിന് മറുപടിയായി അഫ്ഗാന്‍ 314 റണ്‍സാണ് നേടിയത്. 98 റണ്‍സെടുത്ത റഹമത്ത് ഷായുടേയും 67 റണ്‍സെടുത്ത നായകന്‍ അസ്‌കര്‍ അഫ്ഗാന്റെയും മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ അയര്‍ലന്‍ഡ് പോരാട്ടം 288ല്‍ ഒതുങ്ങി. ഇതോടെയാണ് 149 റണ്‍സ് വിജയലക്ഷ്യം ഉറപ്പിച്ച് അഫ്ഗാന്‍ ബാറ്റേന്തിയത്.

അഫ്ഗാനായി രണ്ടാം ഇന്നിംഗ് റഹമത്ത് ഷാ 76 റണ്‍സ് സന്തമാക്കി. ഇഹ്‌സാനുളള 65 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ട് വര്‍ഷം മുമ്പാണ് അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി ലഭിച്ചത്. അഫ്ഗാന്‍ ആദ്യ മത്സരം ഇന്ത്യയോട് ഏറ്റുമുട്ടിയെങ്കിലും വന്‍ തോല്‍വി വഴങ്ങിയിരുന്നു.