DC VS KKR: സ്റ്റാര്‍ക്കേട്ടനോട് കളിച്ചാ ഇങ്ങനെ ഇരിക്കും, ഗുര്‍ബാസിനെ മടക്കിയയച്ച അഭിഷേകിന്റെ കിടിലന്‍ ക്യാച്ച്, കയ്യടിച്ച് ആരാധകര്‍, വീഡിയോ

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഡല്‍ഹി ടീം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി റഹ്‌മനുളള ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ച ഇരുവരും ടീം സ്‌കോര്‍ മൂന്ന് ഓവറില്‍ 48 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ഗുര്‍ബാസിന്റെ പുറത്താവല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ തിരിച്ചടിയായി. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സെടുത്ത് കത്തിക്കയറവേയാണ് താരത്തിന്റെ പുറത്താവല്‍.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറല്‍ ഒരു കിടിലന്‍ ക്യാച്ചെടുത്താണ് ഗുര്‍ബാസിനെ മടക്കിയയച്ചത്. കീപ്പറുടെ സൈഡിലേക്ക് അടിച്ച് പുറകിലോട്ട് ബൗണ്ടറി നേടാനുളള ഗുര്‍ബാസിന്റെ ശ്രമമാണ് പാളിയത്. അഭിഷേക് പോറല്‍ അത് സുരക്ഷിതമായി തന്റെ കൈകളിലൊതുക്കുകയായിരുന്നു. മത്സരം പുരോഗമിക്കുമ്പോള്‍ നിലവില്‍ 18 ഓവറില്‍ 181 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത.

പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തുളള കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ഒമ്പത് കളികളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 7 പോയിന്റാണ് അവര്‍ക്കുളളത്. അതേസമയം നാലാം സ്ഥാനത്തുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഒമ്പത് കളികളില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റുമാണുളളത്. ഇന്നത്തെ കളിയില്‍ ജയിച്ച് പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താനാകും ഡല്‍ഹി ശ്രമിക്കുക.