RCB UPDATES: ആര്‍സിബിയെ കുറിച്ചുളള സ്ഥിരം വാചകം പറയുന്നതില്‍ നിന്ന് കോഹ്‌ലി എന്നെ വിലക്കി, എന്നാലും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു ഇത്തവണ അത് സംഭവിക്കുമെന്ന്, മനസുതുറന്ന് എബിഡി

പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇതുവരെ ഒരു ഐപിഎല്‍ കിരീടം ലഭിക്കാത്ത അവര്‍ ഇത്തവണയെങ്കിലും അത് നേടുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍. വിരാട് കോഹ്‌ലിക്ക് വേണ്ടിയെങ്കിലും ബെംഗളൂരു ഐപിഎല്‍ കിരീടം സ്വന്തമാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആര്‍സിബി ഫൈനലില്‍ എത്തിയതിന് പിന്നാലെ മുന്‍താരം എബിഡിവില്ലിയേഴ്‌സിന്റെതായി ഇറങ്ങിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ഈ സാല കപ്പ് നമ്‌ദേ എന്ന് പറയുന്നതില്‍ നിന്നും വിരാട് കോഹ്‌ലി തന്നെ വിലക്കിയതായി എബിഡി വീഡിയോയില്‍ പറയുന്നു. ടീം കിരീടം നേടാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നതിനാല്‍ ആവേശഭരിതരായിരിക്കാന്‍ എബിഡി ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

“ഒടുവില്‍ ആ സമയം വന്നിരിക്കുകയാണ്. ആര്‍സിബി കിരീടത്തിന് അടുത്ത് എത്തിയിരിക്കുന്നു. ബെംഗളൂരു ആരാധകര്‍ എപ്പോഴും പറയുന്ന ആ വാക്ക് പറയാന്‍ എനിക്ക് അനുവാദമില്ല. വിരാട് എന്നെ അതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. പക്ഷേ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. നമ്മള്‍ എന്തായാലും ഇത്തവണ അത് നേടുമെന്ന്. അതിനാല്‍ കാത്തിരിക്കുക, ആര്‍സിബിയുടെ മത്സരം കാണാന്‍ ആവേശഭരിതരായിരിക്കുക”, എബിഡിവില്ലിയേഴ്‌സ് പറഞ്ഞു.

Read more

ജൂണ്‍ 3ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഐപിഎല്‍ ഫൈനല്‍ അരങ്ങേറുക. അവസാന പോരാട്ടത്തില്‍ ആര്‍സിബിയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുകയാണ്.