മുന്നില്‍ ആരായാലും സഞ്ജുവിന് ഒരു വിചാരമേയുള്ളു; കുറ്റപ്പെടുത്തി ഇന്ത്യന്‍ താരം

രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. എന്നാലിവിടെയും നായകന്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ബോളിനെയും ബോളറെയും ഗൗനിക്കാതെ ബോള്‍ അടിച്ച് പറത്തുക എന്നത് മാത്രമാണ് സഞ്ജു ആഗ്രഹിക്കുന്നതെന്ന് ചോപ്ര കുറ്റപ്പെടുത്തി.

‘സഞ്ജു സാംസണ്‍ വീണ്ടും വനിന്ദു ഹസരംഗയുടെ ഇരയായി. അവന്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. പക്ഷേ ആറാം തവണയോ ഏഴാം തവണയോ ഹസരംഗ അവനെ വീണ്ടും പുറത്താക്കി. തനിക്ക് ഒന്നേ അറിയൂ എന്ന് സഞ്ജു അവിടെ പറയുന്നു. അത് വാനിന്ദുവായാലും മറ്റ് ആരെങ്കിലുമായാലും അടിക്കണം എന്ന ചിന്തയെ തനിക്കുള്ളു എന്നാണ്’ ചോപ്ര പറഞ്ഞു.

ഹസരംഗ എപ്പോള്‍ ബോളെറിയാന്‍ വന്നാലും സഞ്ജുവിന് മുട്ടിടിക്കുന്ന അവസഥയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.

23 റണ്‍സ് എടുത്ത് നില്‍ക്കെ ഹസരംഗയെ ക്രീസ് വിട്ട് ഇറങ്ങി അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. ബാറ്റില്‍ കൊള്ളാതെ കടന്നുവന്ന പന്ത് ദിനേശ് കാര്‍ത്തിക് അനായാസം കൈപ്പിടിയിലൊതുക്കി സ്റ്റംപ് ചെയ്തു.

എന്നിരുന്നാലും, ഫൈനലില്‍ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യാന്‍ റോയല്‍സ് താരതമ്യേന അനായാസമായി 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നു വിജയിച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ കഴിഞ്ഞിരുന്നുള്ളു.

158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്ട്ലര്‍ സെഞ്ച്വറി നേടി. 60 പന്തില്‍ 106 റണ്‍സുമായി ബട്ട്ലര്‍ പുറത്താകാതെ നിന്നപ്പോള്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ വിജയം പിടിച്ചു.