ഒരു ഭീകരത നിറഞ്ഞ എലഗന്റ് ബാറ്റിംഗ്, അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര

തൊണ്ണൂറുകളില്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച ഏതൊരാള്‍ക്കും തന്നെ ഒരിക്കലും മറക്കാന്‍ കഴിയാനാവാത്ത ഒരു കളിക്കാരന്‍. അത്, പാകിസ്ഥാന്‍ ടീമില്‍ ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്ന സയീദ് അന്‍വര്‍ ആണ് ആ കളിക്കാരന്‍.

ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ക്രിക്കറ്റ് മൈതാനത്തിന്റെ അതി സൂക്ഷ്മമായ ഗ്യാപ്പുകളിലൂടെ പോലും പന്ത് തിരിച്ച് വിടാന്‍ താരതമ്യപ്പെടുത്താനാവാത്ത കഴിവുണ്ടായിരുന്ന ഒരു ബാറ്റ്‌സ്മാന്‍.. സയീദ് അന്‍വറിന്റെ ബാറ്റിങ്ങിലെ പ്രധാന ഘടകം തന്നെ പന്തിന്റെ അളവിലുള്ള ധാരണയും, ഫീല്‍ഡര്‍മാര്‍ക്കിടയിലെ ഗ്യാപ്പുകളിലൂടെ തന്റെ റിസ്റ്റ് സ്‌കില്‍സിലൂടെ പന്ത് പായിക്കാനുള്ള കഴിവിലും ആയിരുന്നു. ഒരു ഭീകരത നിറഞ്ഞ എലഗന്റ് ബാറ്റിങ്ങ്, അതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ് മുഖമുദ്ര.

ഓഫ് സൈസ് പന്തുകളെ നിഷ്‌കരുണം ആക്രമിച്ചിരുന്ന അന്‍വര്‍, തന്റെ കാലിന് നേരെ വരുന്ന പന്തുകളെ ഫ്‌ലിക്ക് ചെയ്യാന്‍ എല്ലായ്‌പ്പോഴും തയ്യാറായിരുന്ന ഒരു ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു. ഒരു ഇന്നിങ്‌സ് ഡൊമിനേഷന്റെ കാര്യത്തില്‍ അക്കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, ബ്രയാന്‍ ലാറ, അരവിന്ദ സിസില്‍വ , മാര്‍ക്ക് വോ തുടങ്ങിയവര്‍ക്കൊപ്പം കിട പിടിച്ചിരുന്ന ബാറ്റ്‌സ്മാനായിരുന്നു സയീദ് അന്‍വര്‍.

ഇക്കാലത്ത് 250 റണ്‍സിന് മുകളില്‍ വാല്യു ഉണ്ടായിരുന്ന, അന്ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിചീന്തി നേടിയ 194 റണ്‍സിന്റെ ഇന്നിങ്‌സ് ലൈവ് കണ്ടവര്‍ ഒരു ഭീതിയോടെ അല്ലാതെ ഇന്നും അത് ഓര്‍ക്കപ്പെടില്ല.!

ഏകദിന ക്രിക്കറ്റില്‍, പ്രത്യേകിച്ച് ഇന്ത്യയടക്കം പല ടീമുകള്‍ക്കും തലവേദനയായിരുന്ന അന്‍വര്‍ കരിയറിന്റെ അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍, തന്റെ കൈകുഞ്ഞിന്റെ മരണം മൂലം മാനസികമായി പുറകോട്ട് പോയതും, ഫുട്ട് വര്‍ക്കിലെ അനിശ്ചിതത്വവും, തുടര്‍ച്ചയായ പരിക്കുമെല്ലാമായി മങ്ങിപ്പോയെങ്കിലും 2003 വേള്‍ഡ് കപ്പില്‍ ഇന്ത്യക്കെതിരെ ഒരു സെഞ്ച്വറിയുമായി തന്റെ ബാറ്റിംഗ് ക്ലാസ് മങ്ങിയിട്ടില്ലെന്ന് വീണ്ടുമൊരിക്കല്‍ കൂടി തെളിയിക്കുന്നുമുണ്ട്. ഒരു ജെന്റില്‍മാന്‍ ക്രിക്കറ്റര്‍ കൂടിയായിരുന്ന സയീദ് അന്‍വറിന്റെ 55-ാമത് ജന്മദിനമാണ് ഇന്ന്.. ആശംസകള്‍.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍