ലോക കപ്പിലെ നാണംകെട്ട പുറത്താകല്‍; വിന്‍ഡീസിന് മറ്റൊരു വമ്പന്‍ തിരിച്ചടി

വെസ്റ്റ് ഇന്‍ഡീസ് പുരുഷ ടീം മുഖ്യ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് രാജിവച്ചു. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്റെ പുറത്താക്കല്‍ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന്റെ യോഗ്യതാ ഘട്ടം കടക്കുന്നതില്‍ കരീബിയന്‍ ടീം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സിമ്മണ്‍സിന്റെ രാജി.

കരീബിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടി20 ലോകകപ്പിലെ നാണംകെട്ട പുറത്താകലിന് ശേഷം കൂടുതല്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പല പ്രമുഖരും ടീമില്‍നിന്ന് പുറത്തു പോയേക്കും. ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് പൂര്‍ണ്ണമായ അവലോകനം നടത്തുമെന്ന് സിഡബ്ല്യുഐ പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സ്‌കോട്ട്‌ലന്‍ഡിനോടും അയര്‍ലന്‍ഡിനോടും തോല്‍വി കണ്ട ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിന്റെ മോശം പ്രകടനത്തില്‍ സിമ്മണ്‍സ് ക്ഷമാപണം നടത്തി. ‘ടീമിനെ മാത്രമല്ല, ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെയും ഇത് വേദനിപ്പിക്കുന്നുവെന്ന് ഞാന്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അനുയായികളോടും ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു’ സിമ്മണ്‍സ് പറഞ്ഞു.

ലോകകപ്പ് പരാജയ കാരണം മാത്രമല്ല രാജിവയ്ക്കാനുള്ള തന്റെ തീരുമാനമെന്ന് സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ശേഷമാകും സിമ്മണ്‍സ് ഉത്തരവാദിത്വം ഒഴിയുക.