മൂന്നോവറില്‍ വഴങ്ങിയത് 46 റണ്‍സ്, ഒരോവറില്‍ അഞ്ച് ഫോര്‍; ലെജന്‍ഡ്‌സ് ലീഗില്‍ തല്ലുവാങ്ങി ശ്രീശാന്ത്

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ ബോളിംഗില്‍ വന്‍തിരിച്ചടി നേരിട്ട് മലയാളി പേസര്‍ എസ് ശ്രീശാന്ത്. മൂന്നോവറില്‍ 46 റണ്‍സ് വഴങ്ങിയ താരം, ഒരോവറില്‍ 5 ഫോറും വഴങ്ങി. മത്സരത്തില്‍ മുപ്പതിനു മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത ടീമിലെ ഏക ബോളര്‍ ശ്രീശാന്താണ്.

ശ്രീശാന്ത് എറിഞ്ഞ 19ാം ഓവറിലായിരുന്നു അഞ്ച് ഫോറുകള്‍ വഴങ്ങിയത്. ശ്രീശാന്തിന്റെ ആദ്യ പന്തില്‍ ശ്രീലങ്കന്‍ മുന്‍ താരം രമേഷ് കലുവിതരന ഒരു റണ്‍ നേടി. വിന്‍ഡീസ് മുന്‍താരം ദിനേഷ് രാംദിനാണ് ശേഷിക്കുന്ന പന്തുകള്‍ നേരിട്ടത്. രാംദിന്‍ അഞ്ചു പന്തുകളിലും ഫോര്‍ നേടി. അതിനിടെ ശ്രീശാന്തിന്റെ ഒരു പന്ത് വൈഡായി ഒരു റണ്‍ കൂടി താരത്തിന് വഴങ്ങേണ്ടിവന്നു.

മത്സരത്തില്‍ ഇന്ത്യ മഹാരാജാസ് ആറ് വിക്കറ്റിന് വിജയിച്ചു. ടോസ് നേടിയ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ വേള്‍ഡ് ജയന്റ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. വേള്‍ഡ് ജയന്റ്‌സിന്റെ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ 31 പന്തില്‍ 52 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മഹാരാജാസ് വിജയലക്ഷ്യത്തിലെത്തി. മഹാരാജാസിനായി തന്‍മയ് ശ്രീവാസ്തവ (39 പന്തില്‍ 54), യൂസഫ് പത്താന്‍ (35 പന്തില്‍ 50) എന്നിവര്‍ അര്‍ദ്ധ സെഞ്ചറി നേടി. ഒന്‍പതു പന്തില്‍ മൂന്നു സിക്‌സുകള്‍ പറത്തി 20 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താന്‍ ജയം വേഗത്തിലാക്കി.