'സത്യത്തിന് രണ്ട് മുഖമുണ്ട്', മങ്കിഗേറ്റ് വിവാദത്തില്‍ മനസ് തുറന്ന് ഹര്‍ഭജന്‍

2008ല്‍ ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടന കാലത്തെ മങ്കിഗേറ്റ് വിവാദം. സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ കുരങ്ങനെന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം മങ്കിഗേറ്റിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഹര്‍ഭജന്‍.

തീര്‍ത്തും അനാവശ്യമായിരുന്നു അന്നത്തെ വിവാദം. സിഡ്‌നിയില്‍ എന്താണോ ഉണ്ടായത് അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഒരു ആവശ്യവുമില്ലാത്ത പ്രശ്‌നമായിരുന്നത്. ആര് എന്ത് പറഞ്ഞ് എന്നതിനെ മറന്നേക്കൂ. സത്യത്തിന് രണ്ട് വശങ്ങളുണ്ടെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം- ഹര്‍ഭജന്‍ പറഞ്ഞു.

എന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയാറായില്ല. ആ ആഴ്ചകളില്‍ ഏത് ആവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയതെന്നതിനെ ആരും കണക്കിലെടുത്തില്ല. മാനസികമായി ഞാന്‍ തകരുകയായിരുന്നു. മങ്കിഗേറ്റില്‍ എന്റെ വശം പൂര്‍ണമായും ഞാന്‍ പറഞ്ഞിട്ടില്ല. പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥയില്‍ നിന്ന് ജനങ്ങള്‍ അതറിയും. തനിക്ക് സംഭവിച്ചത് മറ്റാരും അനുഭവിക്കാന്‍ പാടില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.