'മുരളി അണ്ണന് നന്ദി, പക്ഷേ, ആ നേട്ടം ഏറെ അകലെയാണ്', എളിമയുടെ പിച്ചില്‍ സ്റ്റാര്‍ സ്പിന്നര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളര്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. തന്റെ റെക്കോഡ് ഇന്ത്യയുടെ ആര്‍.അശ്വിന്‍ തകര്‍ക്കുമെന്ന് മുന്‍പ് മുരളീധരന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്കുകള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അശ്വിന്‍. ഒരു യൂടൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് അശ്വിന്‍ മുരളിക്ക് നന്ദി പറഞ്ഞത്.

ആദ്യമായി മുരളി അണ്ണന് നന്ദി അറിയിക്കുന്നു. പല തവണ അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ എനിക്ക് പരിക്കേറ്റപ്പോള്‍ വിളിച്ചിരുന്നു. സമാന പരിക്ക് അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യം നന്നായി നോക്കണമെന്നും ഉപദേശിച്ചു. മുരളി അണ്ണനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. വളരെ നല്ല മനുഷ്യന്‍- ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി അശ്വിന്‍ പറഞ്ഞു.

800 വിക്കറ്റ് എന്നത് വളരെ വിദൂരമായ ലക്ഷ്യമാണ്. അവിടെ ഞാനെത്തുമെന്ന് നിങ്ങളെല്ലാം പ്രതീക്ഷിക്കുന്നതായി അറിയാം. പക്ഷേ, അതു വളരെ അകലെയാണ്. ഒരു തവണ ഒരു ചുവടുവയ്ക്കാനാണ് തീരുമാനം. ഒരു സമയത്ത് ഒരു വിക്കറ്റ് എന്നതിലൂടെ ലക്ഷ്യത്തിലെത്താനാണ് ശ്രമമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.