'താരങ്ങള്‍ക്ക് മുന്നില്‍ ഐസിസി കീഴടങ്ങുന്നു', തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

ക്രിക്കറ്റ് ലോകത്തെ സമകാലിക സംഭവങ്ങളിലെ നിലപാടുകളില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) രൂക്ഷമായി വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടണ്‍. ഐസിസിയുടെ സ്വാധീനം കുറഞ്ഞെന്നും ഇവന്റുകള്‍ സംഘടിപ്പിക്കുന്ന കമ്പനിയായി മാത്രം മാറിയെന്നും അതേര്‍ട്ടണ്‍ പറഞ്ഞു.കോവിഡിന്റെ പേരില്‍ ഇന്ത്യന്‍ ടീം മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് പിന്മാറുകയും എന്നാല്‍ സമാന സാഹചര്യത്തില്‍ ഐപിഎല്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അതേര്‍ട്ടന്റെ പ്രതികരണം.

കളിക്കാര്‍ കൂടുതല്‍ ശക്തരായ കാലത്ത് ക്രിക്കറ്റ് ഭരണ സമിതികള്‍ ദുര്‍ബലപ്പെട്ടു. കരുത്തുറ്റ സംവിധാനമായിരുന്ന ഐസിസി ഇവന്റുകള്‍ സംഘടിപ്പിക്കുന്ന സംഘടനയായി ചുരുങ്ങി. ലോക കപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമൊക്കെ ഐസിസി നടത്താറുണ്ട്. എന്നാല്‍ കളിയുമായി ബന്ധപ്പെട്ട ധാര്‍മ്മിക വിഷയങ്ങളില്‍ അവര്‍ക്ക് വലിയ ഇടപെടലിന് സാധിക്കുന്നില്ല. ക്രിക്കറ്റിന്റെ ദിശയില്‍ ഐസിസിക്ക് ചെറിയ സ്വാധീനമേയുള്ളൂ- അതേര്‍ട്ടണ്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിന് പുറത്ത് വലിയ അവസരമാണ് ഫ്രാഞ്ചൈസി മാതൃകയിലെ ട്വന്റി20 ലീഗുകള്‍. അത് കളിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ഐപിഎല്‍ നടക്കുന്ന രണ്ടു മാസകാലത്ത് തങ്ങളുടെ കരാറില്‍ ഉള്‍പ്പെട്ട കളിക്കാരുടെ കാര്യത്തില്‍ ഇസിബി (ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്) തൊഴില്‍ദാതാവെന്ന നിലയിലെ ഉത്തരവാദിത്തം കാട്ടിയില്ല. അതാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് കളിക്കാരെ കിട്ടാത്തതിന് കാരണം. കളിക്കാരുമായി ഏറ്റുമുട്ടിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയന്നാണ് ഇസിബി അങ്ങനെ ചെയ്തത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റിന് ഉപരിയായി താരങ്ങള്‍ക്ക് ഇപ്പോള്‍ മറ്റു സാധ്യതകളുണ്ടെന്നും അതേര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

Read more