'എനിക്ക് ബാറ്റ് പിടിക്കാനാവും, ഓസ്‌ട്രേലിയയിലേക്കുള്ള അടുത്ത വിമാനം എപ്പോഴാണ്'; തിരിച്ചുവരവ് സൂചിപ്പിച്ച് ഇംഗ്ലീഷ് സൂപ്പര്‍ താരം

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിക്കാനുണ്ടാവുമെന്ന് സൂചിപ്പിച്ച് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. പരിക്കും മാനസികസമ്മര്‍ദ്ദവും കാരണം കുറച്ചുനാളായി കളത്തിന് പുറത്താണ് സ്‌റ്റോക്‌സ്.

ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍മാരില്‍ ഏറെ പരിചയസമ്പന്നനായ ബെന്‍ സ്‌റ്റോക്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് മടങ്ങിവരവിന്റെ സൂചന നല്‍കിയത്. ബാറ്റ് പിടിച്ചുള്ള ചിത്രമാണ് സ്റ്റോക്‌സ് പങ്കുവച്ചത്. ‘പൊട്ടലിനുശേഷം ഒക്ടോബര്‍ 11ന് ഇതാദ്യമായി ബാറ്റ് കൈയിലെടുക്കാന്‍ സാധിച്ചു’- എന്നാണ് ചിത്രത്തിനൊപ്പം സ്റ്റോക്‌സ് കുറിച്ചത്.

ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സ്റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്. രണ്ടു തവണ സ്‌റ്റോക്‌സ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി അവധിയെടുത്തതും ഇംഗ്ലീഷ് നിരയില്‍ സ്‌റ്റോക്‌സിന്റെ അഭാവത്തിന് കാരണമായി. അതേസമയം, ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ എട്ടിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്.