'അവന്‍ വിരമിച്ചത് വെള്ളം ചുമക്കാന്‍ മടിച്ച്', തുറന്നടിച്ച് ഇംഗ്ലീഷ് താരത്തിന്റെ പിതാവ്

ആഷസ് പരമ്പരയില്‍ വെള്ളം ചുമക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതെന്ന് താരത്തിന്റെ അച്ഛന്‍ മുനീര്‍ അലി. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനെ (ഇസിബി) പരോക്ഷമായി വിമര്‍ശിക്കുന്നതാണ് മുനീര്‍ അലിയുടെ വാക്കുകള്‍. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന മൊയീന്‍ അലിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിരുന്നു.

മൊയീന്‍ അലി വിരമിക്കുമെന്ന് തോന്നിയിരുന്നില്ല. ഇന്ത്യക്കെതിരെ അവസാന ടെസ്റ്റ് കളിക്കുകയും അഞ്ച് വിക്കറ്റും 86 റണ്‍സും കൂടി സമ്പാദിച്ച് 3000 റണ്‍സും 200 വിക്കറ്റും സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്‌തെങ്കില്‍ നന്നായേന. ആഷസ് പരമ്പരയ്ക്കുള്ള ടീമിലെ സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വമാണ് മൊയീന്‍ കളമൊഴിയാന്‍ കാരണം- മുനീര്‍ അലി പറഞ്ഞു.

മൊയീന്റെ വിരമിക്കലിനുള്ള പ്രധാന കാരണം കോവിഡ് സാഹചര്യത്തിലെ ബയോബബിള്‍ ആണ്. കഴിഞ്ഞവര്‍ഷം മൊയീന്‍ ബയോബബിളിലായിരുന്നു. ഇനിയും ബയോബബിളില്‍ കഴിയാന്‍ മൊയീന്‍ ഇഷ്ടപ്പെടുന്നില്ല. ഈ പ്രായത്തില്‍ ഗ്രൗണ്ടില്‍ വെള്ളംചുമക്കാന്‍ താല്‍പര്യമില്ലായിരിക്കാം. ഇനിയൊരു 10-15 വര്‍ഷത്തേക്ക് മറ്റൊരു മൊയീന്‍ അലിയുണ്ടാവില്ലെന്നും മുനീര്‍ പറഞ്ഞു.