'അവന്‍ ധോണിയെ പോലെയെന്ന് കരുതി, പക്ഷേ, അത്ര പോര', ഇന്ത്യന്‍ യുവ താരത്തെ വിമര്‍ശിച്ച് ഇന്‍സി

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ എം.എസ്. ധോണിയുടെ പിന്‍ഗാമിയായാണ് താന്‍ കണ്ടിരുന്നതെന്ന് പാക് ബാറ്റിംഗ് ഇതിഹാസം ഇന്‍സമാം ഉല്‍ ഹക്ക്. എന്നാല്‍ പന്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഇന്‍സി പറഞ്ഞു.

ഋഷഭ് പന്തില്‍ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം പന്ത് നടത്തിയ പ്രകടനം മതിപ്പുളവാക്കി. വര്‍ഷാദ്യം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഋഷഭ് കളിക്കുന്നത് ഞാന്‍ കണ്ടു. പന്ത് ബാറ്റ് വീശിയ സാഹചര്യം കണക്കിലെടുത്തപ്പോള്‍ അയാള്‍ ധോണിയെ പോലെയാണെന്ന് തോന്നി. ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ പന്ത് വാലറ്റത്തില്‍ അതിന് പരിഹാരം കണ്ടു. എന്നാല്‍ ടി20 ലോക കപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല- ഇന്‍സമാം പറഞ്ഞു.

പന്ത് സമ്മര്‍ദ്ദത്തിലായതു പോലെ തോന്നി. നേരത്തെയും പന്ത സമ്മര്‍ദ്ദത്തിലാകുമായിരുന്നു. പക്ഷേ, അതില്‍ നിന്ന് അയാള്‍ പുറത്തുകടക്കുകയും ചെയ്തിരുന്നു. കളി മെച്ചപ്പെടുത്താന്‍ പന്തിന് സാധിക്കുമെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.