'റൂട്ട് ഇവിടെ കാണുമോ ഇല്ലയോ?,' ഇംഗ്ലണ്ടിനെ ചൊറിഞ്ഞ് പെയ്ന്‍

ഓസ്‌ട്രേലിയ ആതിഥ്യമൊരുക്കുന്ന ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നീക്കമിടുന്ന ഇംഗ്ലണ്ട് താരങ്ങളെ ചൊടിപ്പിച്ച് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍. ചില ഇംഗ്ലീഷ് കളിക്കാര്‍ പിന്മാറിയാലും ആഷസ് പരമ്പര നിശ്ചയിച്ചതുപോലെ മുന്നോട്ടുപോകുമെന്ന് പെയ്ന്‍ പറഞ്ഞു.

ആഷസ് പരമ്പര നടക്കും. ആദ്യ ടെസ്റ്റ് ഡിസംബര്‍ എട്ടിനാണ്. ഇംഗ്ലണ്ടിന്റെ കപ്പിത്താന്‍ ജോ റൂട്ട് ഇവിടെ കാണുമോ ഇല്ലയോ? വിമാനത്തില്‍ കയറണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇംഗ്ലണ്ട് കളിക്കാരാണ്- പെയ്ന്‍ പറഞ്ഞു.ഇംഗ്ലണ്ട് താരങ്ങളെ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതാണ് ഈ ലോകത്തിന്റെ സൗന്ദര്യം. ഇംഗ്ലണ്ട് ടീമിലെ ചിലര്‍ വിട്ടുനിന്നാലും പരമ്പരയുമായി മുന്നോട്ടുപോകുമെന്നും പെയ്ന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ കടുത്ത കോവിഡ് മാനദണ്ഡങ്ങളാണ് ആഷസില്‍ നിന്ന് പിന്മാറാന്‍ ഇംഗ്ലീഷ് താരങ്ങളെ പ്രേരിപ്പിക്കുന്നത്. ബയോബബിള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്കിടെ ടീമിനെ നയിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ജോ റൂട്ട് പറഞ്ഞിരുന്നു. കുടുംബത്തെ കൂടെ കൂട്ടാന്‍ സാധിച്ചില്ലെങ്കില്‍ ആഷസ് ഒഴിവാക്കുമെന്ന് ചില ഇംഗ്ലണ്ട് കളിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.