''അപ്പോള്‍ മഹിഭായി അടുത്തേക്ക് വന്നു'' ട്വന്റി20 യില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ ധോണിയുടെ പ്രതികരണത്തെ കുറിച്ച് ചഹല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച താരത്തിലേക്കുള്ള വളര്‍ച്ചയില്‍ സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചഹലിനും കുല്‍ദീപ് യാദവിനും ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിയുടെ സ്വാധീനം ചെറുതൊന്നുമല്ല. ധോനിയ്ക്ക് കീഴില്‍ ചഹലും കുല്‍ദീപും നടത്തിയത് ഒന്നാന്തരം പ്രകടനങ്ങളായിരുന്നു. ധോനിയുടെ സാന്നിദ്ധ്യം പോലും അവരുടെ ജോലിയും സമ്മര്‍ദ്ദവും കുറച്ചിരുന്നു.

രവിചന്ദ്രന്‍ അശ്വിന്റെ ഒരു യു ട്യൂബ് ചാനല്‍ അഭിമുഖത്തില്‍ 2018 ലെ ഒരു ട്വന്റി20 മത്സരത്തിലെ അനുഭവം ഓര്‍മ്മിച്ചെടുക്കുകയാണ് യുസ്‌വേന്ദ്ര ചഹല്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഈ മത്സരത്തില്‍ 64 റണ്‍സായിരുന്നു ചഹല്‍ വഴങ്ങിയത്. ഈ കടുത്ത സ്‌പെല്ലില്‍ ആത്മവിശ്വാസം തകര്‍ന്നു നിന്നപ്പോള്‍ ധോനി അടുത്തുവന്ന് താരത്തിന് ആശ്വാസം പകര്‍ന്നു.

”അന്ന് ക്ലാസ്സന്‍ എന്നെ പാര്‍ക്കില്‍ മുഴുവനുമായി ഓടിച്ചു. അപ്പോള്‍ ധോനി എറൗണ്ട് ദി വിക്കറ്റിലേക്ക് മാറി എറിയാന്‍ പറഞ്ഞു. അങ്ങിനെ ചെയ്തപ്പോള്‍ അയാള്‍ എനിക്കിട്ട ഒരു സിക്‌സറും മിഡ്‌വിക്കറ്റിലൂടെ ഒരു ബൗണ്ടറിയൂം പറത്തി. ഈ സമയത്ത് ധോനി അടുത്തേക്ക് വന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഒന്നുമില്ല. ഞാന്‍ പതിവ് പോലെ അടുത്തേക്ക് വന്നെന്നേയുള്ളൂ.” ചഹല്‍ പറഞ്ഞു

” ഇന്നു നിന്റെ ദിവസമല്ലെന്ന് എനിക്കറിയാം. നീ നന്നായി ശ്രമിക്കുന്നുണ്ടെന്നും പക്ഷേ അത് സംഭവിക്കുന്നില്ലെന്നും എനിക്കറിയാം. അതില്‍ വിഷമിക്കേണ്ട. നിന്റെ നാല് ഓവറുകള്‍ പൂര്‍ത്തിയാക്കൂ…അതുമതി.” താരം പറഞ്ഞു. ”ആ സമയത്ത് നിങ്ങളെ ആരെങ്കിലും ശകാരിച്ചാല്‍ നിങ്ങളുടെ ആത്മവിശ്വാസം പൂര്‍ണ്ണമായും താഴെപ്പോകുമായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞു ഏകദിനത്തില്‍ നീ നന്നായി ചെയ്യുന്നതല്ലേ. ഇത് ഒരു മത്സരത്തിലല്ലേ സാരമില്ല. ക്രിക്കറ്റില്‍ ചിലപ്പോള്‍ നന്നാകും, ചിലപ്പോള്‍ മോശമാകും.” അദ്ദേഹം പറഞ്ഞു.