ലോക കപ്പില്‍ അഞ്ചു കളിയില്‍ 368 റണ്‍സും ആറു വിക്കറ്റുകളും ; കുട്ടി ഡിവിലിയേഴ്‌സിനു പിന്നാലെ ഫ്രാഞ്ചൈസികള്‍

ബാറ്റിങില്‍ ലൂപ്പ് ഷോട്ട്, സ്‌കൂപ്പ്, സ്വിച്ച് ഹിറ്റ്, റിവേഴ്സ് സ്വീപ്പ് ‘ബേബി എ ബി’ എന്നാണ് ബ്രെവിസ് ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ. ബാറ്റിങില്‍ എബി ഡിവില്ലിയേഴ്സിനെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് ബ്രെവിസിന്റേത്. ഐപിഎല്ലില്‍ മെഗാലേലം തുടങ്ങാനിരിക്കെ നവാഗതരുടെ പട്ടികയില്‍ സെന്‍സേഷനാണ് ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 താരം ബ്രെവിസ്. ഷോട്ടുകള്‍ കളിക്കുന്നതിലും ശരീരഭാഷയിലുമെല്ലാം ഡിവില്ലിയേഴ്‌സിനെ ഓര്‍മിപ്പിക്കുന്ന താരത്തിന്റെ അടിസ്ഥാനവില 20 ലക്ഷമാണ്.

ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരേ 65 റണ്‍സെടുത്ത ഇന്നിങ്സാണ് ബ്രെവിസിനെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാക്കിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോറര്‍ കൂടിയായ ബ്രെവിസ് അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 368 റണ്‍സാണ് നേടിയത്. 90ന് മുകളിലാണ് ബാറ്റിങ് ശരാശരി. ലെഗ് സ്പിന്നര്‍ കൂടിയാ ബ്രെവിസ് ലോകകപ്പില്‍ ആറു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണോടെ ഐപിഎല്‍ മതിയാക്കിയ ഡിവില്ലിയേഴ്‌സിന്റെ പകരക്കാരനായി താരം ആര്‍സിബിയില്‍ എത്തുമോ എന്നതാണ് ഇനിയറിയേണ്ടത്.

തന്റെ കടുത്ത ആരാധകന്‍ കൂടിയായ ബ്രെവിസിന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ക്രിക്കറ്റ് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതും ഡിവില്ലിയേഴ്സാണ് എന്നതാണ് മറ്റൊരു കൗതുകം. ഡിവില്ലിയേഴ്സിന്റെ ജേഴ്സി നമ്പറായിരുന്ന 17 തന്നെയാണ് ബ്രെവിസും ഉപയോഗിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ കൗമാരതാരങ്ങളുടെ പ്രകടനം വലിയ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഫ്രാഞ്ചൈസികളുടെ കണ്ണുകളില്‍ ചൂടപ്പമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം. മെഗാലേലം അടുത്തയാഴ്ചയാണ് തുടങ്ങാനിരിക്കുന്നത്.