'2011ലെ തോല്‍വിക്ക് പ്രതികാരം ചെയ്യണം'; ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ കിട്ടണമെന്ന് അക്തര്‍

ഈ വര്‍ഷാവസാനം നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടണമെന്ന ആഗ്രഹം പങ്കുവെച്ച് പാകിസ്ഥാന്‍ സ്പീഡ്സ്റ്റര്‍ ഷൊയ്ബ് അക്തര്‍. വരുന്ന ലോകകപ്പ് ഫൈനലില്‍ 2011ലെ തോല്‍വിക്ക് പാകിസ്ഥാന് പ്രതികാരം ചെയ്യണമെന്ന് അക്തര്‍ പറഞ്ഞു. 2011ല്‍ മൊഹാലിയില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു.

എനിക്ക് ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ വേണം. 2011-ലെ തോല്‍വിക്ക് പകരം വീട്ടണം. ഫൈനല്‍ എവിടെയായിരുന്നാലും ഞാന്‍ തീര്‍ച്ചയായും അവിടെ ഉണ്ടാകും- അക്തര്‍ പറഞ്ഞു.

ഇരുടീമുകളും ഉഭയകക്ഷി കളിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തുമോയെന്നും 2023ലെ ലോകകപ്പ് പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുമോയെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തിലും അക്തര്‍ തന്റെ നിലപാട് അറിയിച്ചു.

Read more

ഇരുരാജ്യത്തെയും സര്‍ക്കാരുകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഒരു പരിഹാരം കാണാന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ അധികം ചര്‍ച്ചയ്ക്ക് ഞാനില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിടവ് അടയ്ക്കാന്‍ ശ്രമിക്കണം. ഭാവിയില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പാകിസ്ഥാന്‍ ലോകകപ്പിന് പോകുംമെന്നും ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു- അക്തര്‍ കൂട്ടിച്ചേര്‍ത്തു.