കഴിഞ്ഞതവണ 16,000 കോടി, ഇത്തവണ ലക്ഷ്യം മൂന്നിരട്ടി ;  സംപ്രേഷണ അവകാശത്തിനായി വരിനില്‍ക്കുന്നത് വമ്പന്മാര്‍

പണക്കൊഴുപ്പ് മേളയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പണക്കൊയ്ത്ത് ലക്ഷ്യമിട്ട് ബിസിസിഐ. നാലു വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശം വമ്പന്മാര്‍ക്ക് നല്‍കാനാണ് തീരുമാനം. 2018-2022 കാലയളവില്‍ 16,347 കോടി രൂപയ്ക്ക് വിറ്റ സംപ്രേഷണാവകാശത്തിലൂടെ 45,000 കോടി രൂപയാണ് ഇത്തവണ ബിസിസിഐ ലക്ഷ്യമിടുന്നത്.

2023 മുതല്‍ 2027 വരെയുള്ള കരാറിനായി സോണി സ്പോര്‍ട്സ്, ഡിസ്നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് രംഗത്തുള്ളത്. മാര്‍ച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെന്‍ഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. എന്ത് വിലകൊടുത്തും ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് സോണിയുടെ ശ്രമം. ഇവര്‍ക്കൊപ്പം, ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ആരംഭിച്ച ഒടിടി സേവനം ആമസോണ്‍ പ്രൈം വിഡിയോയും ഐപിഎലിനായി രംഗത്തുണ്ടാവും.

35,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നുവെങ്കിലും അതും കഴിഞ്ഞ് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023-27 വര്‍ഷത്തേക്ക് 40,000 കോടി മുതല്‍ 45,000 കോടി വരെ സംപ്രേഷണാവകാശ തുക ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ചാം ഐ.പി.എല്‍ സീസണാണ് ഇത്തവണ നടക്കുന്നത്. 2018-2022 കാലയളവില്‍ 16,347 കോടി രൂപയ്ക്കാണ് ഡിസ്‌നി സ്റ്റാര്‍ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്.