നെയ്മറുടെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നംഗ സംഘം വീട് കൊള്ളയടിച്ച് മടങ്ങി

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം നെയ്മറുടെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബ്രൂണയുടെ സാവോപോളയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ കൊള്ളസംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കൊള്ളക്കാരെത്തിയ സമയം ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിട്ട ശേഷം അക്രമി സംഘം വീട് കൊള്ളയടിക്കുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ആദ്യം തിരക്കിയത് ബ്രൂണയും കുഞ്ഞിനെയുമായിരുന്നു. ഇരുവരും വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ബ്രൂണയുടെ മാതാപിതാക്കളെ ബന്ധികളാക്കി കൊള്ളയടിച്ചത്.

വീട്ടില്‍ നിന്ന് ശബ്ദമുയരുന്നത് ശ്രദ്ധിച്ച അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ അക്രമി സംഘം കവര്‍ന്നു. അതേ സമയം സംഭവത്തില്‍ ഇരുപത്കാരന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ട്. വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ കൊള്ളസംഘം മോഷ്ടിച്ചു. പിടിയിലായ ഇരുപതുകാരനില്‍ നിന്ന് ചില വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം നെയ്മര്‍ ആരാധകരുമായി പങ്കുവച്ചത്. ബ്രൂണയുടെ വീട്ടില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളില്‍ പ്രതികരണവുമായി നെയ്മര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് മോശം ദിനമാണെന്നും ബ്രൂണയുടെ മാതാപിതാക്കള്‍ അക്രമിക്കപ്പെട്ടെന്നുമാണ് താരം പ്രതികരിച്ചത്.