ആരും മൂക്കത്തു വിരല്‍വെച്ചു പോകുന്ന അബദ്ധം; അരങ്ങേറ്റത്തില്‍ പിഴച്ച് ആഴ്സനല്‍ ഗോളി (വീഡിയോ)

ഫുട്ബോളില്‍ ഗോള്‍കീപ്പറുടെ സ്ഥാനം അതിനിര്‍ണായകമെന്നു പറയേണ്ടതില്ലല്ലോ. വല കാക്കുന്നവന്റെ പിഴവ് മത്സരത്തിന്റെ വിധിയെഴുതിയ അവസരങ്ങള്‍ അനവധി. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലിന്റെ യുവ ഗോളി ആര്‍തര്‍ ഒക്കോന്‍ക്വോയ്ക്ക് അരങ്ങേറ്റത്തില്‍ പിണഞ്ഞ അമളിയാണ് ഫുട്ബോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളിലേക്ക് കടന്ന ആഴ്സനല്‍ ആദ്യം നേരിട്ടത് സ്‌കോട്ടിഷ് ക്ലബ്ബ് ഹിബ്സിനെ. വല കാക്കാന്‍ പുതുമുഖ താരം ഒക്കോന്‍ക്വോയേയും ഗണ്ണേഴ്സ് നിയോഗിച്ചു. എന്നാല്‍ കളിയുടെ 21-ാം മിനിറ്റില്‍ ഒക്കോന്‍ക്വോ ആരെയും ലജ്ജിപ്പിക്കുന്ന പിഴവു വരുത്തി. ഒരു ബാക്ക് പാസ് ഹാഫ് വോളിയിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഒക്കോന്‍ക്വോയുടെ ശ്രമം പാളി. ഒക്കോന്‍ക്വോയുടെ ബൂട്ടില്‍ സ്പര്‍ശിക്കാതെ പന്ത് അകന്നുപോയി. ഹിബ്സ് താരം മാര്‍ട്ടിന്‍ ബോയല്‍ ഒഴിഞ്ഞ വലയിലേക്ക് പന്തടിച്ചു കയറ്റി. മത്സരത്തില്‍ ആഴ്സനല്‍ 2-1ന് തോല്‍വി വഴങ്ങുകയും ചെയ്തു.

അണ്ടര്‍ 9 തലം മുതല്‍ ആഴ്സനലിനൊപ്പം പരിശീലിക്കുന്ന താരമാണ് ഒക്കോന്‍ക്വോ. കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായി ഫസ്റ്റ് ടീമിനൊപ്പം പരിശീലിച്ച ഒക്കോന്‍ക്വോ മികവു കാട്ടിയിരുന്നു. തുടര്‍ന്നാണ് താരത്തിന് ആഴ്സനല്‍ അരങ്ങേറ്റത്തിന് അവസരം ഒരുക്കിയത്.