ടൂറിസ്റ്റുകളോട് നമ്മുക്ക് പറയാം, സ്വയം ചിതയൊരുക്കിയ നീലകുറിഞ്ഞി കാടുകളുടെ കഥ

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിലരുണ്ട്. കാണാതെ പോകാനാവില്ലെന്ന് പറഞ്ഞ് നീണ്ട പന്ത്രണ്ട് വര്‍ഷത്തോളം സ്വപ്നം കണ്ടവരുമുണ്ട്. അതിഥികളെയും ആതിഥേയരേയും കാത്തിരിപ്പിന്റെ മാസ്മരിക സൗന്ദര്യം അനുഭവിപ്പിക്കുന്ന ആ നീലവസന്തമാണ് ഭൂമാഫിയകളുടെ ആര്‍ത്തിയ്ക്കുമുന്നില്‍ ചാരമായത്.
കാട്ടുതീയെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ക്കുമപ്പുറം പ്രകൃതിസ്‌നേഹികളുടെ മനസ്സിനെ മുറിപ്പെടുത്തിയവയായിരുന്നു കുറിഞ്ഞിപ്പൂക്കള്‍ ചാരനിറം പൂണ്ടുകിടക്കുന്ന ചിത്രങ്ങള്‍. ഭൂമാഫിയകള്‍ കൈയ്യേറിയ ഇടങ്ങളില്‍ നീലക്കുറിഞ്ഞി ദേശീയോദ്യാനവുമുണ്ടെന്ന വാര്‍ത്തകള്‍ ആശങ്കകള്‍ക്കിടം നല്‍കിയിരുന്നുവെങ്കിലും ഇത്തരം കടുങ്കൈ ചെയ്യുമെന്ന് ആരും കരുതിയില്ല.

മൂന്നാറില്‍ മറ്റൊരു കുറഞ്ഞി പൂക്കും കാലം ആരംഭിക്കുകയാണ്. 12 വര്‍ഷക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ മറ്റൊരു വസന്ത സീസണ്‍ മൂന്നാറില്‍ വിരുന്നെത്തുന്നു. കുറിഞ്ഞി പൂ ചൂടിനില്‍ക്കുന്ന മൂന്നാറിലെ നിലമലകളെ കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് എത്തുക. ചാരം മൂടിക്കിടക്കുന്ന കുറിഞ്ഞികാടുകളെ ചൂണ്ടി അവരോട് എന്ത് പറയാനുണ്ടാകും ഇക്കുറി മലയാളിക്ക്.

പന്ത്രണ്ട് വര്‍ഷങ്ങളാണ് കുറിഞ്ഞിക്കാടുകളുടെ വസന്തകാലത്തിനായുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യം.ഹൈറേഞ്ചില്‍ കാണപ്പെടുന്ന 40 കുറിഞ്ഞി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്‌പ്രെ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. പശ്ചിമഘട്ട മലനിരകളുടെ പ്രധാന വിനോദ സഞ്ചാര മേഖലയായ രാജമലയിലാണ് ഈ ദൃശ്യമാസ്വദിക്കാന്‍ സന്ദര്‍ശകരിലേറെയും എത്തുന്നത്. സാധാരണ കുറിഞ്ഞികള്‍ പൂത്തു തുടങ്ങുന്നത് ആഗസ്ത് മാസത്തിലാണ്. ഇത് ഒക്ടോബര്‍ വരെ നീളും. കോവിലൂര്‍, കടവാരി, രാജമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ ധാരാളമുള്ളത്.പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തില്‍ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും 5 മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം. ഒരു പ്രദേശമാകെ വസന്തം തീര്‍ത്ത് മൊട്ടിടുന്ന കുറിഞ്ഞിപ്പൂക്കള്‍ രണ്ടു മാസംവരെ നശിക്കാതെ നില്‍ക്കും. രണ്ട് മാസക്കാലം മൂന്നാര്‍ അങ്ങനെ ലോകത്തെ വിസ്മയിപ്പിക്കും.

ഇക്കോ ടൂറിസം രംഗത്ത് കേരളത്തിന്റെ ആകര്‍ഷണീയത കൂട്ടുന്ന പ്രകൃതിയുടെ വരദാനങ്ങളില്‍ ഒന്നാണ് നീലക്കുറിഞ്ഞിക്കാടുകള്‍.ഒരോ പന്ത്രണ്ട് വര്‍ഷം കഴിയുമ്പോഴും നീലക്കുറിഞ്ഞികളുടെ അഭൗമസൗന്ദര്യം കാണാന്‍ വിദേശികളുള്‍പ്പെടെ നിരവധിപേരാണ് കൃത്യമായി എത്താറുള്ളത്. ലോകമാകെയുള്ള പരിസ്ഥിതി പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. 2006ലെ കുറിഞ്ഞിപ്പൂക്കാലത്ത് രാജമലയില്‍ മാത്രം എത്തിയത് അഞ്ച് ലക്ഷത്തോളം പ്രകൃതിസ്‌നേഹികളാണ്. കഴിഞ്ഞ കുറിഞ്ഞിപ്പൂക്കാലത്തില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം വിനോദസഞ്ചാരികള്‍ക്ക് ദുരിതകാലമായിരുന്നു. ആര്‍ത്തുപെയ്യുന്ന മഴയെ പ്രതിരോധിക്കാന്‍ തക്കവണ്ണമുള്ള യാതൊരു സംവിധാനവുമൊരുക്കാന്‍ അന്നായില്ല എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു.

ഇക്കുറി കുറിഞ്ഞികാടുകള്‍ പൂക്കുന്നതും കാത്തിരിക്കുന്നത് 10 ലക്ഷത്തോളം പേരാണെന്ന് ഏകദേശകണക്ക്. മഴ കനത്ത് പെയ്ത കഴിഞ്ഞ സീസണില്‍ മൂന്നാര്‍ നഗരം സന്ദര്‍ശകരേകൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. സന്ദര്‍ശകരുടെ കിലോമീറ്റര്‍ നീണ്ട് ക്യൂ ആയിരുന്നു. കനത്ത മഴയില്‍ റോഡ് പലയിടത്തും കുഴിയായി മാറിയതോടെ നീലക്കുപ്പായമണിഞ്ഞ് സുന്ദരിയായ മലനിരകളെ കാണാതെ തിരിക്കേണ്ടിവന്നുവെന്നതും ചരിത്രം. ഇക്കുറി ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വന്‍ തയ്യാറെടുപ്പിലായിരുന്നു വിനോദ സഞ്ചാര വകുപ്പും മൂന്നാറിലെ ഹോട്ടലുകളും. എറണാകുളത്തെ ട്രാവല്‍ ഏജന്‍സികളില്‍ നീലക്കുറിഞ്ഞി ബുക്കിംഗ് കുമിഞ്ഞ് കൂടുകയും ചെയ്യുന്നു.

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന സീസണില്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്കായി ടൂര്‍ ഓപ്പറേറ്റര്‍മാരും അഡ്വഞ്ചര്‍ ക്ലബുകളും ട്രക്കിംഗ് സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്. സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പക്ഷെ ഇത്രയും കാലം,നീണ്ട പന്ത്രണ്ട് വര്‍ഷം കാത്തിരുന്ന ടൂറിസ്റ്റുകളോട് ചാരം മൂടിയ മലനിരകളെ ചൂണ്ടി മന്ത്രിക്കും മലയാളിക്കും എന്താണ് പറയാനുണ്ടാകുക. കൈയ്യേറ്റത്തിന്റെ കഥകളോ അതോ സ്വയം തീകൊളുത്തി കത്തിചാമ്പലായ കുറഞ്ഞി ചെടികളേ പറ്റിയോ.?


ഈ മനോഹര കാഴ്ച കാണാന്‍ മൈലുകള്‍ താണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് കത്തിയമര്‍ന്ന കുറിഞ്ഞിക്കാഴ്ചകള്‍ ഹൃദയഭേദകമാമാകുമെന്ന് തീര്‍ച്ച. പ്രകൃതി കനിഞ്ഞ് നല്‍കിയ വസന്തകാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുന്നത് വികസനത്തിനോടൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം കല്‍പിക്കുന്നുവെന്ന് അഭിമാനപൂര്‍വം പറഞ്ഞിരുന്ന കേരളത്തിന്റെ നെറുകയിലേറ്റ വലിയ മുറിപാടാണ്്.

കുറിഞ്ഞിപ്പൂവുകള്‍ മലനിരകളെ നീലപുതപ്പിയ്ക്കുന്ന വസന്തകാലത്തിന് നാളുകള്‍ ബാക്കിനില്‍ക്കെയാണ് ഇത്തവണ കുറിഞ്ഞിപ്പൂമൊട്ടുകളോടൊപ്പം വിവാദങ്ങളും പൂത്തത്. മൂന്നാര്‍ എക്കാലത്തും കൈയ്യേറ്റക്കാരുടെ പറുദീസയായിരുന്നു. ഈ ചക്കരകുടത്തില്‍ കൈയ്യിട്ട് വാരാത്ത രാഷ്ട്രീയ പാര്‍്ട്ടികളുമില്ല. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് ഇത് അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ടൂറിസ്റ്റ് സാധ്യതകളേറിയതോടെ മൂന്നാറിലെത്തുന്ന വന്‍കിട കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ നല്‍കാന്‍ രാഷ്ട്രീയ ദല്ലാളുകള്‍ ശ്രമിക്കുമ്പോള്‍ മൂന്നാര്‍ ചുരുങ്ങി ചുരുങ്ങി ഇല്ലാതായികൊണ്ടേ ഇരിക്കുന്നു. ജോയ്‌സ് ജോര്‍ജ്ജും,സ്പിരിറ്റ് ഇന്‍ ജീസസിന്റെ ടോം സ്്കറിയയുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ഇതിനിടയിലാണ് തീയിടലും മറ്റ് വിവാദങ്ങളും. കാട്ടുതീയാണെന്ന്് വാദിക്കുമ്പോഴും ആറു മാസം മുമ്പ് 300 ഏക്കര്‍ കത്തി് നശിച്ചിട്ടും എന്തുകൊണ്ട് വനം വകുപ്പ് അറിഞ്ഞില്ല എന്നൊരു ചോദ്യമുണ്ട്. ആറുമാസം ആരും അങ്ങോട്ട്് പോയിട്ടില്ല എന്നാണെങ്കില്‍ കേരളത്തിലെ കാടുകളില്‍ എന്താണ് നടക്കുന്നുണ്ടാവുക. ആരാണ് ഇതിനുത്തരം പറയേണ്ടത്. ആരോടാണ് ഇതെ്ല്ലാം ചോദിക്കേണ്ടത്.

വിവാദങ്ങളും ആശങ്കകളും പൂത്തുലയുമ്പോള്‍ കുറിഞ്ഞിക്കാടുകളുടെ വസന്തക്കാഴ്ചക്കായി കാത്തിരിക്കുന്ന ആഗോള യാത്രികരുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍ക്കുന്നത്. ഈ സീസണു കഴിഞ്ഞ അടുത്ത പന്ത്രണ്ട് വര്‍ഷത്തിന് ശേഷം മൂന്നാറില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ എന്തായിരിക്കും നമ്മുക്ക് അഭിമനത്തോടെ ചൂണ്ടികാണിക്കാനുണ്ടാവുക.കുറച്ച് കോണ്‍ക്രീറ്റ് കൂടാരങ്ങളല്ലാതെ.