ചന്ദ്രയാൻ - 3 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് ബഹിരാകാശ മന്ത്രി

ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3 ഓഗസ്റ്റിൽ നടക്കുമെന്ന് ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ അറിയിച്ചു. കോവിഡ്–19നെ തുടർന്നുണ്ടായ ലോക്ഡൗണിൽ പദ്ധതികൾ വൈകിയതിനാലാണ് കഴിഞ്ഞ വർഷാവസാനം ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം ഇക്കൊല്ലത്തേക്കു മാറ്റിയത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനും വൈകും. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് 2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ–2ലെ വിക്രം ലാൻഡർ സെപ്റ്റംബർ 7ന് ചന്ദ്രോപരിതലത്തിൽ തകർന്നുവീണ് ദൗത്യം പരാജയപ്പെട്ടിരുന്നു.

ഇന്ത്യയുടെ സൗരദൗത്യത്തിന് നാന്ദി കുറിച്ച് ആദിത്യ എല്‍1 പേടകം ഈ വര്‍ഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആര്‍ഒയുടെ മുന്‍ മേധാവി എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞിരുന്നു. ഒരു ഇന്‍ഡോ-യുഎസ് ശിൽപ്പശാലയിൽ വെച്ചായിരുന്നു പ്രതികരണം.

ഭാവിയില്‍ ചാന്ദ്ര ഗവേഷണ പദ്ധതിയ്ക്ക് വേണ്ടി ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി (ജാക്സ) യും ഐഎസ്ആര്‍ഒയും തമ്മില്‍ സഹകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.