ഭൂമി നാലിലൊന്നായി വേഗം കുറച്ചു, ജീവന്‍ ഉത്ഭവിക്കാന്‍ !

2.4 ബില്യണ്‍ കൊല്ലങ്ങള്‍ക്കുമുമ്പ് ഭൂമി വേഗം ഒന്നു കുറച്ചതാണ് ഭൂമിയില്‍ ഓക്‌സിജന്റെ അളവ് കൂടാന്‍ കാരണമായതെന്നും ജീവന്‍ ഉത്ഭവിക്കാനുള്ള സാഹചര്യം ഒരുങ്ങിയതെന്നും മിഷിഗണ്‍ യൂണിവേഴ്‌സിറ്റി പഠനം. ആറുമണിക്കൂര്‍ കൊണ്ട്  ഒരു ഭ്രമണം പൂര്‍ത്തിയാക്കിയിരുന്ന  ഭൂമിയുടെ വേഗം 4 ബില്യണ്‍ കൊല്ലങ്ങള്‍ക്കുമുമ്പ്  കുറയാന്‍ തുടങ്ങുകയും സാവകാശത്തില്‍ നാലിലൊന്ന് വേഗത്തിലേക്ക് അതിന്റെ ഭ്രമണവേഗം ആയിത്തീരുകയും ചെയ്തു.  അതായത് മണിക്കൂറില്‍ ഏകദേശം 6694 കി.മീ നിന്നും 1674 ലേക്ക്.

ബില്യണ്‍ കണക്കിന് കൊല്ലങ്ങളായി ഭൂമിയില്‍ മൈക്രോബുകളും ബാക്ടീരിയകളും ജീവനോടെയുണ്ടായിരുന്നു. പുതിയ സാഹചര്യം ഒരുങ്ങിയതോടെ സൈനോബാക്ടീരിയ ആദ്യമായി പ്രകാശസംശ്ലേഷം ആരംഭിക്കുകയും കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്തു. അവയുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ജീവജാലങ്ങളുടെ ഉദ്ഭവത്തിന് കളമൊരുങ്ങിയത്.

ഓക്‌സിജന്റെ വര്‍ദ്ധിത ഉദ്പാദനവും ജീവന്റെ ഉത്പത്തിയും പഠിക്കുന്നതിനായി വടക്കേ അമേരിക്കയിലെ ഹുറോണ്‍ തടാകമാണ് ശാസ്ത്രകാരന്‍മാര്‍ തെരഞ്ഞെടുത്തത്. നാനൂറ് മില്യണ്‍ കൊല്ലം പഴക്കമുള്ള ചുണ്ണാമ്പുകല്ലുകളും ഡോളോമൈറ്റും ഉപ്പുവെള്ളത്തില്‍നിന്നും രൂപം കൊണ്ട ജിപ്‌സം ബെഡ്‌റോക്കും ഇപ്പോഴും കാണപ്പെടുന്നതിനാലാണിത്.