Wednesday, 23 September 2026
‘Honest storytelling is a powerful means of change
03:13:14 PM IST
Celebrity Talk

‘നിങ്ങളുടെ ശരീരത്തിന് നിങ്ങളുടെ സ്‌നേഹം ആവശ്യമുണ്ട്, മറ്റുള്ളവർ പറയുന്നതിനൊന്നും ചെവികൊടുക്കേണ്ട’; കത്രീന കൈഫിന് പിന്തുണയുമായി സമീറ റെഡ്ഡി

SHARE

പ്രസവാനന്തര ശരീരമാറ്റങ്ങളുടെ പേരിൽ നടി കത്രീന കൈഫിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന അധിക്ഷേപങ്ങൾക്കെതിരെ പ്രതികരണവുമായി നടി സമീറ റെഡ്ഡി. പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ പോലും പരിഹസിക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെയാണ് സമീറ ശക്തമായ സന്ദേശം പങ്കുവെച്ചത്.

പ്രകൃതിഭംഗി ആസ്വദിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സമീറയുടെ പ്രതികരണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളും പരിഹാസങ്ങളും സ്വന്തം ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ സ്വാധീനിക്കരുതെന്നും, സ്വന്തം ശരീരത്തെ സ്‌നേഹിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. പ്രശസ്തയായ വ്യക്തിയായാലും, കൗമാരക്കാരിയായാലും, ആദ്യമായി അമ്മയായ സ്ത്രീയായാലും, വർഷങ്ങളായി മറ്റുള്ളവരുടെ വിധികൾ നേരിടുന്ന സ്ത്രീയായാലും സ്വന്തം ശരീരത്തെ അഭിമാനത്തോടെ സ്വീകരിക്കണമെന്നാണ് സമീറയുടെ സന്ദേശം.

കത്രീന കൈഫിനെ ഒരു ചിത്രത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിനെയും സമീറ വിമർശിച്ചു. ഒരു സംരംഭകയായും നടിയായും സ്വന്തം ഇടം സൃഷ്ടിച്ച കത്രീനയ്ക്ക് താൻ ആഗ്രഹിക്കുന്ന രീതിയിൽ ശരീരത്തിലേക്ക് തിരിച്ചെത്താൻ ആവശ്യമായ സമയമെടുക്കാമെന്നും, ഇപ്പോഴത്തെ രൂപത്തിലും അവർ സുന്ദരിയാണെന്നും സമീറ പറഞ്ഞു. പ്രസവാനന്തര ശരീരമാറ്റങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ മുൻവിധികൾക്കെതിരായ ബോഡി പോസിറ്റിവിറ്റി സന്ദേശം കൂടിയാണ് സമീറയുടെ വാക്കുകൾ.

മകൻ വിഹാന്റെ ജനനശേഷം മുംബൈയിൽ അംബാനി കുടുംബം സംഘടിപ്പിച്ച ഗണപതി പൂജാ ചടങ്ങിലാണ് കത്രീന ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ശരീരഭാരം കൂടിയെന്ന തരത്തിലുള്ള കമന്റുകളുമായി ഒരു വിഭാഗം സമൂഹമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തിയത്.

കത്രീനയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ ബോളിവുഡിലെ മറ്റ് താരങ്ങളും പ്രതികരിച്ചിരുന്നു. നടൻ സൽമാൻ ഖാൻ പ്രസവശേഷം സ്ത്രീകളുടെ ശരീരഭാരം കൂടുന്നത് സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി ട്രോളർമാരെ വിമർശിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തുന്നതിനും കത്രീനയ്ക്ക് ആവശ്യമായ സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പരിനീതി ചോപ്ര ഉൾപ്പെടെയുള്ള താരങ്ങളും കത്രീനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രസവാനന്തര ശരീരത്തെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഇത്തരം പരിഹാസങ്ങൾക്ക് പിന്നിലെന്ന വിമർശനങ്ങളും ഉയർന്നു. കത്രീനയെ ചുറ്റിപ്പറ്റിയ വിവാദം വീണ്ടും ചർച്ചയാക്കുന്നത് പ്രസവശേഷമുള്ള സ്ത്രീകളുടെ ശരീരത്തെ സമൂഹം എങ്ങനെ കാണുന്നു എന്ന വിഷയമാണ്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →