വന്ദേഭാരത് മിഷന് എതിരെ അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക. വന്ദേഭാരത് മിഷന്റെ മറവില്‍ ഇന്ത്യ സാധാരണ സര്‍വീസ് നടത്തുവെന്നാണ് അമേരിക്ക പറയുന്നത്. നിയന്ത്രണ ഉത്തരവ് 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒഴിപ്പിക്കല്‍ എന്നപേരില്‍ ഇന്ത്യ സാധാരാണ വിമാന സര്‍വീസ് നടത്തുകയാണ്. കോവിഡ് വ്യാപനം മൂലമുണ്ടായ യാത്രാ തടസങ്ങള്‍ക്കിടെ ഇന്ത്യ തങ്ങളുടെ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിന് വിമാനം ഏര്‍പ്പെടുത്തുന്നത് യാത്രക്കാരില്‍ നിന്ന് തന്നെ പണം ഈടാക്കിയാണ്. എന്നാല്‍ ഈ സമയം തന്നെ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് അമേരിക്ക പറയുന്നു.

ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് മുമ്പായി എയര്‍ ഇന്ത്യ അംഗീകാരത്തിനായി അപേക്ഷിക്കണമെന്നും അതുവഴി സര്‍വീസിന്റെ ലക്ഷ്യം പരിശോധിക്കാന്‍ കഴിയുമെന്നുമാണ് അമേരിക്ക പറയുന്നത്. അമേരിക്കന്‍ വിമാനങ്ങള്‍ക്കുള്ള നിയന്ത്രങ്ങള്‍ ഇന്ത്യ നീക്കിയാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് യുഎസ് ഗതാഗത വകുപ്പിന്റെ നിലപാട്.