ഫ്‌ളോയിഡിന്റെ മരണത്തില്‍ ‘ശ്വാസം മുട്ടി’ അമേരിക്ക; പ്രതിഷേധം കത്തുന്നു

അമേരിക്കയിലെ മിനസോട്ടയില്‍ പൊലീസുകാരന്റെ കൊടുംക്രൂരതയെ തുടര്‍ന്ന് കറുത്ത വര്‍ഗ്ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. പലയിടത്തും അക്രമവും വെടിവയ്പുമുണ്ടായി. ഡെട്രോയിറ്റില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ കാറിലെത്തിയ അജ്ഞാത സംഘം നടത്തിയ വെടിവയ്പില്‍ 19 വയസ്സുകാരന്‍ മരിച്ചു. മിനിയപ്പലിസില്‍ പൊലീസിനു നേരെയും വെടിവയ്പുണ്ടായി.

പ്രതിഷേധം അടിച്ചമര്‍ത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരവുകളില്‍ ഇറങ്ങിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങി ഇരുപത്തിനാലോളം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ നഗരങ്ങള്‍ സൈന്യത്തിന്റെ സഹായം തേടി.

George Floyd death: 'I can't breathe' a rally cry anew for police ...

അതേസമയം, ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ മറ്റൊരു വിഡിയോ കൂടി പുറത്തുവന്നു. ‘എന്നെ എഴുന്നേല്‍ക്കാന്‍ അനുവദിക്കൂ, ഞാന്‍ ശ്വാസം വിടട്ടെ’ എന്നു നിലവിളിക്കുന്ന ഫ്ളോയ്ഡിന്റെ ദേഹത്ത് മൂന്ന് പൊലീസുകാര്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് യുഎസ് മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ വിഡിയോയിലുള്ളത്.