കുവൈറ്റില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈറ്റില്‍ ആരാധനാലയങ്ങള്‍ ബുധനാഴ്ച മുതല്‍ തുറക്കും. ജനസാന്ദ്രത കുറഞ്ഞ പാര്‍പ്പിട മേഖലകളിലെ പള്ളികളാണ് ആദ്യഘട്ടത്തില്‍ ബുധനാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയോടെ് തുറക്കുക. അടുത്ത വെള്ളിയാഴ്ച മുതല്‍ ഗ്രാന്‍ഡ് മോസ്‌കില്‍ ജുമുഅ പ്രാര്‍ത്ഥന പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്.

പള്ളികള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഔകാഫ് മന്ത്രി ഫഹദ് അല്‍ അഫാസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇമാമിനും പള്ളി ജീവനക്കാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. ദേശീയ ടെലിവിഷന്‍ ചാനലില്‍ ജുമാ ഖുതുബയും പ്രാര്‍ഥനയും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും  മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ ഭാഗങ്ങളിലായി 900 ത്തോളം പള്ളികള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കും പള്ളിയില്‍ പ്രവേശനമെന്നും അധികൃതര്‍ വ്യക്തമാക്കി.