സൗദിയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം 40 ശതമാനം കുറയ്ക്കും

സൗദിയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം പരമാവധി 40 ശതമാനം വരെ ആറു മാസത്തേക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി സ്വകാര്യമേഖലയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഇത്. സൗദി മാനവശേഷി വികസന മന്ത്രാലയം ഇത് സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് വിവരം.

കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ സമയം കുറഞ്ഞതിനാലാണ് തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാമെന്ന വ്യവസ്ഥയിലെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. അടുത്ത ആറു മാസത്തേക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചു അടുത്ത ആറു മാസത്തിനുള്ളില്‍ ജീവനക്കാരുടെ വാര്‍ഷികാവധി ക്രമീകരിക്കാനും പുതിയ ഭേദഗതി തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നുണ്ട്.

ആറുമാസമായിട്ടും നിലവിലെ പ്രതിസന്ധി തീരുന്നില്ലങ്കില്‍ ജീവനക്കാരുടെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താം. പ്രതിസന്ധി തുടരുകയാണെങ്കില്‍ ജീവനക്കാരനും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാം.