സൗദി അറേബ്യ പുതിയ യാത്രാനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളില്‍ എടുത്ത അംഗീകൃത പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്. എട്ട് വയസ്സിന് താഴെയുള്ളവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ സൗദിയിലേക്ക് വരുന്ന പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധന ഫലമാണ് വിമാനത്താവളങ്ങളില്‍ ഹാജരാക്കിവരുന്നത്. ഫെബ്രുവരി ഒമ്പത് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും.

അതോടൊപ്പം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത സ്വദേശികള്‍ക്ക് സൗദിയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകാനും ഫെബ്രുവരി ഒമ്പത് മുതല്‍ അനുവാദമുണ്ടാകില്ല. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ട സ്വദേശികള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണം. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും തവക്കല്‍നാ സ്റ്റാറ്റസ് പ്രകാരം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമില്ലാത്ത വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇതില്‍ ഇളവ് ലഭിക്കും.