ഹജ്ജ് മുടക്കില്ല; പരിമിതമായി നടത്താന്‍ തീരുമാനം

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണയും ഹജ്ജ് നടത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ഈ വര്‍ഷത്തെ ഹജ് പരിമിതമായ അംഗങ്ങളില്‍ ഒതുക്കി നടത്താനാണ് തീരുമാനമായിരിക്കുന്നത്. സൗദിക്കകത്തെ താമസക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഹജ്ജില്‍ പങ്കെടുക്കാനാവുക.

രാജ്യത്ത് താമസിക്കുന്ന വിവിധ ദേശങ്ങളിലുള്ള പരിമിതമായ അംഗങ്ങള്‍ക്ക് സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുമതി നല്‍കും. ഈ സാഹചര്യത്തില്‍ പുറത്ത് നിന്നുള്ള കൂടുതല്‍ അതിഥികളെ സ്വീകരിക്കല്‍ ഗുണകരമാകില്ലെന്നും രോഗ പ്രതിരോധത്തിന് രാജ്യാന്തര ആരോഗ്യ സംഘടനകളുടെ ശ്രമങ്ങളെ പിന്തുണക്കല്‍ രാജ്യം ബാധ്യതയായി കാണുന്നു എന്നും മന്ത്രാലയം പറഞ്ഞു.

മക്ക, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കാറ്. ഈ ഓരോയിടങ്ങളിലും മുപ്പത് ലക്ഷത്തിലേറെ പേര്‍ക്ക് സംഗമിക്കാവുന്ന സൗകര്യമുണ്ട്. ഇതിനാല്‍ നിശ്ചിത എണ്ണം ഹാജിമാര്‍ എത്തുന്ന ചടങ്ങിന് രോഗപ്രതിരോധ സാഹചര്യങ്ങളോടെ ക്രമീകരണം എളുപ്പമാണ്. പുറമെ ആരോഗ്യ പ്രവര്‍ത്തകരുടെ ക്രമീകരണമുണ്ടാകും. നിശ്ചിത എണ്ണം പേര്‍ക്കായിരിക്കും ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതി. ഇതിന്റെ നടപടിക്രമങ്ങള്‍ മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും.