നിയന്ത്രണങ്ങളില്‍ ഇളവ്; ഖത്തറില്‍ 262 പള്ളികള്‍ കൂടി തുറക്കും

കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് ജൂലൈ ഒന്നു മുതല്‍ തുടക്കമാകുന്നതിന്റെ ഭാഗമായി ഖത്തറില്‍ 262 പള്ളികള്‍ കൂടി തുറക്കും. ബുധനാഴ്ച പ്രഭാത നമസ്‌കാരം മുതല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാമെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം മൂന്നാംഘട്ടമായ ഓഗസ്റ്റ് മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളു. സെപ്റ്റംബര്‍ 1 മുതല്‍ മുഴുവന്‍ പള്ളികളും തുറക്കും. ജൂണ്‍ 15 ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ 500 പള്ളികള്‍ തുറന്നിരിന്നു.

രണ്ടാംഘട്ടത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളും പുറുപ്പെടുവിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല എന്നതാണ് പ്രധാനം നിര്‍ദേശം. നിലവില്‍ പരമാവധി 10 പേര്‍ക്ക് വരെ ഒത്തുകൂടാന്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കൂടി ഓഫിസിലെത്തി ജോലി ചെയ്യാം.