സലാലയില്‍ കനത്ത കാറ്റും മഴയും; മൂന്നു മരണം; ജാഗ്രത നിര്‍ദേശം

ഒമാനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ദോഫാര്‍ തീരത്തേക്ക് കടന്നതിന്റെ ഫലമായി സലാലയില്‍ കനത്ത കാറ്റും മഴയും. മഴക്കെടുതിയില്‍ മൂന്നു മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐന്‍ അര്‍സാത്തില്‍ വാഹനം ഒഴുക്കില്‍ പെട്ട് രണ്ട് സ്വദേശി യുവാക്കള്‍ മരിച്ചപ്പോള്‍ കെട്ടിടം തകര്‍ന്ന്‌വീണാണ് ഒരു പ്രവാസി മരണപ്പെട്ടിരിക്കുന്നത്.

ന്യൂനമര്‍ദത്തെ തുടര്‍ന്ന് സലാലയിലും പരിസര പ്രദേശത്തും കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുകയാണ്. ഏറ്റവും കൂടുതല്‍ മഴ ഇതുവരെ ലഭിച്ചത് സദയിലാണ്. ഇത് സദയില്‍ വെള്ളപ്പൊക്കത്തിനും കാരണമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സുല്‍ത്താന്‍ സായുധസേന എത്തിയിട്ടുണ്ട്. നേവിയുടെ കപ്പലും എത്തിയിട്ടൂണ്ട്.

അടുത്ത 24 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 30 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. 4 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.