ബഹ്‌റിനിലേക്ക് പുറപ്പെടാന്‍ ഇനി പി.സി.ആര്‍ ടെസ്റ്റ് വേണ്ട

പുതിയ യാത്രാ നിബന്ധനകള്‍ പ്രകാരം ബഹ്‌റൈനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇനി മുതല്‍ പിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ല. ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്ക നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഈ നിബന്ധനയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. യാത്രക്കാര്‍ ഇനി മുതല്‍ ബഹ്‌റൈനില്‍ എത്തിയതിന് ശേഷം എയര്‍പോര്‍ട്ടില്‍ നിന്ന് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.

വാക്‌സിന്‍ എടുക്കാത്തവര്‍ ബഹ്‌റൈനില്‍ എത്തിയാല്‍ ക്വാറന്റീനില്‍ കഴിയണം എന്നതടക്കം മറ്റ് നിബന്ധനകള്‍ തുടരും. അതേ സമയം ബഹ്‌റൈനില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുകയാണ്. ഈ സാഹചര്യത്തില്‍ അധികൃതര്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത കൈവെടിയരുത്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നും അധികൃതര്‍ അറിയിച്ചു.