ഇനി ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുറയും; ഇന്ധന നിരക്ക് ഒഴിവാക്കി ഇൻഡിഗോ

പ്രവാസികൾക്ക് എന്നും തലവേദനയാകുന്ന കാര്യമാണ് വിമാന ടിക്കറ്റ് നിരക്കുകൾ. പലപ്പോഴും സീസണകളിൽ ഉൾപ്പെടെ ഇന്ത്യയിലെത്താൻ വൻ തുകയാണ് വിമാന കമ്പനികൾ ഈടാക്കുക. ഇപ്പോഴിതാ വിമാന യാത്രികർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തായണ് ബജറ്റ് എയർലൈനായ ഇൻഡിഗോ പുറത്തുവി‌ട്ടിരിക്കുന്നത്. ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞിരിക്കുകയാണ്.

ഇൻഡിഗോയുടെ ഈ നീക്ക‌ത്തെ തുടർന്ന് ഡൽഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായിട്ടുണ്ട്. ഇതോടെ മറ്റ് പല വിമാനകമ്പനികളും നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില അടുത്തിടെ കുറഞ്ഞു. ഇതോടെ ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ഇൻഡിഗോ പ്രഖ്യാപിക്കുകയായിരുന്നു.

എടിഎഫ് വിലകൾ മാറിമറിയുന്നതിന് സാധ്യതയുള്ളതിനാൽ, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇൻഡിഗോ അറിയിച്ചു.ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവുണ്ടായി. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ സമീപകാലത്തെ ഏറ്റവും ‘ബജറ്റ് ഫ്രണ്ട്​ലിയായ ’ നിരക്കാണിതെന്നാണ് വിലയിരുത്തലുകൾ.

വിമാനക്കമ്പനികളോട് യാത്രക്കാരുടെ താൽപ്പര്യം കണക്കിലെടുത്ത് യാത്രാനിരക്ക് നിശ്ചയിക്കാനും സ്വയം നിയന്ത്രിക്കാനും കഴിഞ്ഞ മാസം വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 5ന് ടിക്കറ്റ് നിരക്കിനൊപ്പം എടിഎഫ് വിലയിൽ ഗണ്യമായ വർധനവുണ്ടായതിനെ തുടർന്ന് ഇന്ധന ചാർജ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരത്തിൽ ഏർപ്പെടുത്തിയ നിരക്കാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.