യു.എ.ഇയിൽ മഴയും പൊടിക്കാറ്റും ശക്തമാകുന്നു; പലയിടത്തും ജാഗ്രതാനിർദേശം

യുഎഇയിൽ മഴയും പൊടിക്കാറ്റും ശക്തമാകുന്നു. വരുന്ന ദിവസങ്ങളിലും രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടത്തും മഴയും പൊടിക്കാറ്റും ശക്തമാണ്. യുഎഇയുടെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു വെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അലെയിനിലെ അൽ ഹൈലി, അൽ ശിക്ല പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. ശക്തമായ മഴയിൽ പല റോഡുകളും മുങ്ങി. ചൂട് ശക്തമായതിനെ തുടർന്ന് മഴ ലഭിക്കാനായി നടത്തിയ ക്ലൗണ്ട് സീഡിങും മഴ കനക്കാൻ കാരണമായി.
വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞു.

മഴ തുടരാൻ സാധ്യതയുള്ളതിനാൽ അബുദാബി മേഖലയിൽ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബുദാബി പൊലീസും ആവശ്യപ്പെട്ടു.

നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. രാജ്യത്തെമ്പാടും കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.