ഈദ് നിറവിൽ അറേബ്യൻ രാജ്യങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷം

ഈദ് നിറവിൽ അറേബ്യൻ രാജ്യങ്ങൾ. കർശനമായ കോവിഡ് മുൻകരുതൽ നടപടികളോടെ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും അറേബ്യൻ രാജ്യങ്ങളിൽ പെരുന്നാൾ നമസ്‌കാരവും ഒത്തുചേരലുകളും മുടക്കമില്ലാതെ നടക്കും.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള നിബന്ധനകൾ പെരുന്നാൾ നമസ്‌കാരത്തിനെത്തുന്നവർ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ബലിയറുക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ വിവിധ രാജ്യങ്ങളിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് പെരുന്നാളിനോടനുബന്ധിച്ച് നാലു ദിവസം വരെ  അവധി നൽകിട്ടുണ്ട്.

വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പെരുന്നാൾ ഭാവുകങ്ങൾ നേർന്നു. ബഹുസ്വര സംസ്‌കൃതിയുടെ മികച്ച സന്ദേശമാണ് ഇന്ത്യ നൽകുന്നതെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. കൂട്ടായ്മകളും പലവിധ പരിപാടികൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ചൂട് കൂടിയതു കാരണം പുറത്തുള്ള ആഘോഷ പരിപാടികൾക്ക് പക്ഷെ, ഇക്കുറി പൊലിമ കുറയും. ബലിപെരുന്നാൾ പ്രമാണിച്ച് വിപണിയും സജീവമായിട്ടുണ്ട്. അവധിയും പെരുന്നാളും മുൻനിർത്തി വർധിച്ച നിരക്കുവർധനയാണ് ഗൾഫ് മേഖലയിൽ തുടരുന്നത്.