അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പരിശോധനയില്‍ ഇളവ്

അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കോവിഡ് പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ചു. ഇനി മുതല്‍ 16 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ 28 ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും. അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് ആണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

14 ദിവസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തണമെന്നായിരുന്നു നേരത്തെ നിബന്ധന ഉണ്ടായിരുന്നത്. പുതിയ തീരുമാനം അറിയിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. 16 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്തിയുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ 14 ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.

ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരും വാക്‌സിനേഷന് ഇളവ് ലഭിച്ചിട്ടുള്ളതുമായ വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തേണ്ടതും നിര്‍ബന്ധമാണ്.