ഗാർഹിക തൊഴിലാളികൾക്ക് എതിരെ വ്യാജപരാതി വേണ്ട; കനത്ത പിഴ നൽകേണ്ടി വരും

ഗൾഫ് നാടുകളിലെല്ലാം തന്നെ തൊഴിൽ നിയമങ്ങൾ ശക്തമാണ്. തൊഴിലാളികൾക്ക് പ്രതിസന്ധിയുണ്ടാക്കിയാൽ തൊഴിലുടമകൾ കടുത്ത നിയമ നടപടി നേരിടേണ്ടി വരും. ഇപ്പോൾ ഗാർഹിക തൊഴിലാളികൾക്കും ശരിയായ നിയമ പരിരക്ഷ ഉറപ്പുവരുത്തുകയാണ് ദുബായ്. രാജ്യത്ത് ഗാർഹിക തൊഴിലാളികളെ പീഡിപ്പിക്കുകയോ അവർക്കെതിരെ വ്യാജ പരാതികൾ നൽകുകയോ ചെയ്താൽ തൊഴിലുടമ കനത്ത തുക പിഴ നൽകേണ്ടി വരും.

ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം. ഒന്നിലധികം തൊഴിലാളികളുടെ പേരിലാണ് വ്യാജ പരാതിയെങ്കിൽ പിഴ തുക കൂടുതലാകും. ഫെഡറിൽ നിയമം 9 -ാം വകുപ്പു പ്രകാരമാണ് ശിക്ഷ. ഗാർഹിക തൊഴിലാളികളും സ്പോൺസറും തമ്മിലുള്ള തൊഴിൽബന്ധം വിശദമാക്കുന്നതാണ് ഫെഡറൽ നിയമം. പരാതികൾ സത്യസന്ധമായിരിക്കണമെന്നു സ്പോൺസർമാരോടും റിക്രൂട്ടിംഗ് സ്ഥാപനങ്ങളോടും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

Read more

നേരത്തെ ഗാർഹിക തൊഴിലുകളുമായി ബന്ധപ്പെട്ട് 29 തരം നിയമലംഘനങ്ങൾ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സിൽ താഴെയുള്ളവരെ നിയമിക്കരുത്. തൊഴിൽ നിയമനത്തിൽ സമത്വം പാലിക്കണം. ദേശ, ഭാഷ, മത, വർണ, സാമൂഹിക വിവേചനം നിയമനത്തിൽ പാടില്ല. തൊഴിലാളികളെ ശാരീരികമായോ മാനസികമായോ വാക്കു കൊണ്ടോ ഉപദ്രവിക്കരുത്, മനുഷ്യക്കടത്തു പോലെ രാജ്യം നിരോധിച്ച വകുപ്പിൽ പെടുന്ന ജോലികൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തരുത്. അപകടകരമായ തൊഴിലുകൾക്ക് നിയമിക്കരുത് എന്നിവയെല്ലാം അതിൽപ്പെടുന്നു.