കോവിഡ് 19; ഗള്‍ഫില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് മലയാളി മരിച്ചു. മലപ്പുറം എടപ്പാളിലെ പല്ലിക്കാട്ടില്‍ വീട്ടില്‍ ഡോ. മുകുന്ദന്‍ പല്ലിക്കാട്ടില്‍ (66) റിയാദിലാണ് മരിച്ചത്. ഹാരയിലെ സഫ മക്ക ഫാമിലി ക്ലിനിക്കില്‍ ശിശുരോഗ വിദഗ്ധനായിരുന്നു മുകുന്ദന്‍.

അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാര്‍ഡ് വടുതല ചെന്നാളില്‍ ഷിഹാബുദ്ദീ (50) നാണ് ഒമാനില്‍ മരിച്ചത്. ഞായറാഴ്ച വൈകിട്ട് അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 20 വര്‍ഷമായി ഒമാനില്‍ ടെക്സ്റ്റയില്‍സ് ബിസിനസ് നടത്തി വരികയായിരുന്നു.

മക്കരപ്പറമ്പ് വടക്കാങ്ങര വടക്കേക്കുളമ്പ് പരേതനായ പള്ളിയാലില്‍ അബ്ദുവിന്റെ മകന്‍ ശിഹാബുദ്ദീന്‍ (37) ജിദ്ദയില്‍ മരിച്ചു. പത്തു വര്‍ഷത്തിലേറെയായി ജിദ്ദയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു ശിഹാബുദ്ദീന്‍.

തൃശൂര്‍ മണലൂര്‍ പുത്തന്‍കുളം പള്ളിക്കുന്നത്ത് വര്‍ഗീസാണ് (61) സൗദിയില്‍ മരിച്ച മറ്റൊരാള്‍. സൗദി കമ്മീസ് മുഷിയാദില്‍ സോന ജൂവലറിയിലെ സെയില്‍സ്മാനായിരുന്നു വര്‍ഗീസ്. കഴിഞ്ഞമാസം നാട്ടില്‍ വരാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതിനാല്‍ യാത്ര നടന്നില്ല.