വീട്ടിലിരുന്നു കൊണ്ട് ഡ്രൈവിംഗ് ലൈസൻസ് ഇനി അപേക്ഷിക്കാം; 'ക്ലിക്ക് ആൻഡ് ഡ്രൈവ്'

ദുബായ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പുതിയ പദ്ധതിയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.).
വീട്ടിലിരുന്നുകൊണ്ടു തന്നെ വാഹന ലൈസൻസിന് അപേക്ഷിക്കാനുള്ളതാണ് പുതിയ നടപടി. വാഹന ലൈസൻസിന് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ ഓൺലൈനായി ചെയ്യാൻ സൗകര്യമൊരുക്കിയതായി ആർ.ടി.എ. ട്വിറ്ററിലൂടെ അറിയിച്ചു.

‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ എന്ന പുതിയ പദ്ധതിയിലൂടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ചെലവുൾപ്പെടെയുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും. വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുമ്പോൾ ഉപഭോക്താവിന്റെ ആവശ്യാനുസരണം ലൈറ്റ് വെഹിക്കിൾ, ഇരുചക്ര വാഹനങ്ങൾ എന്നിങ്ങനെ തിരഞ്ഞെടുക്കാം.

ലൈറ്റ് വെഹിക്കിൾ ലൈസൻസ് ലഭിക്കാൻ 3,865 ദിർഹവും ഇരുചക്ര വാഹന ലൈസൻസ് ലഭിക്കുന്നതിനുമായി 3,675 ദിർഹവുമാണ് ഫീസായി നൽകേണ്ടത്. ഹെവി ലെെസൻസിന് ഫീസ് കുറച്ചു കൂടി കൂടും. നേത്രപരിശോധന, എട്ട് മണിക്കൂർ ക്ലാസുകൾ, 20 മണിക്കൂർ ഡ്രൈവിങ് പരിശീലനം, യാർഡ് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവ വിജയകരമായി പൂർത്തിയാക്കിയാൽ ഉപഭോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനായി അപേക്ഷകൻ വിസ, എമിറേറ്റ്‌സ് ഐ.ഡി തുടങ്ങിയ രേഖകൾ വെബ്സൈറ്റിൽ നൽകണം. ദുബായ് ഡ്രെെവിങ്ങ് ലെെസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി വൻ വർദ്ദനവാണ് ഉണ്ടായതിനു പിന്നാലെയാണ് പുതിയ പദ്ധതി.