ദ്വിദിന സന്ദര്‍ശനം; ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സൗദി വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സൗദിയിലെത്തി. റിയാദിൽ എത്തിയ മന്ത്രി സൗദി വാണിജ്യ മന്ത്രി മാജിദ് അബ്ദുല്ല അല്‍കസബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- സൗദി ഉപയകക്ഷി വ്യാപാര ബന്ധങ്ങളും പരസ്പര നിക്ഷേപ സാധ്യകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ജുബൈല് യാമ്പു സൗദി റോയല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഖാലിദ് ആല്‍സാലിമുമായും പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി. സാമ്പത്തിക വളര്‍ച്ചക്ക് കരുത്താകുന്ന പരസ്പര സഹകരണ പദ്ധതികളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ  ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീർ അബ്ദുൽ അസീസ് ബിന്‍ സല്‍മാനോടൊപ്പം സംബന്ധിക്കും.

വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ചക്ക് വിഷയമാകും. ഇന്ത്യയിൽ 10,000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും.