ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി സെലൻസ്കി, നിർണായകമായ ധാതുഖനന കരാറിന് ധാരണയായി; യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ അവകാശം ഇനി അമേരിക്കയ്ക്ക്

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻറെ സമ്മർദത്തിന് വഴങ്ങി യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകാൻ യുക്രൈൻ സമ്മതിച്ചു. അമേരിക്കയും യുക്രെയ്നും തമ്മിൽ നിർണായകമായ ധാതുകരാറിൽ ധാരണയായതായി റിപ്പോർട്ട്. റഷ്യ- യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണു നീക്കം.

അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കരാറിന് യുക്രെയ്ൻ സമ്മതിച്ചതെന്നാണ് സൂചന. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ അപൂർവധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഭാവിയിലെ അമേരിക്കൻ സുരക്ഷാ ഗ്യാരണ്ടികൾ ഉറപ്പാക്കുന്നതിനായി സെലൻസ്‌കിയാണ് യുക്രെയ്നിന്റെ പ്രകൃതിവിഭവങ്ങൾ അമേരിക്കയുമായി പങ്കിടാമെന്ന് വാഗ്ദാനം നൽകിയത്. കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായുള്ളതാണു കരാർ എന്നാണ് ട്രംപിന്റെ നിലപാട്.

Read more

യൂറോപ്യൻ യൂണിയൻ നിർണായകമെന്നു തിരിച്ചറിഞ്ഞ 34 ധാതുക്കളിൽ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രെയ്നിലുണ്ട്. അവയിൽ വ്യാവസായിക, നിർമാണ വസ്തുക്കൾ, ഫെറോഅലോയ്, വിലയേറിയ നോൺ-ഫെറസ് ലോഹങ്ങൾ, ചില അപൂർവ മൂലകങ്ങൾ എന്നിവ ഉൾപ്പെടുന്നു. വൈദ്യുത വാഹന ബാറ്ററികളിലെയും ആണവ റിയാക്ടറുകളിലെയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതൽ ശേഖരവും യുക്രെയ്നുണ്ട്.